തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ഗ്രാമപഞ്ചായത്തില്‍ 25000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികളില്‍ 75000 രൂപയും ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷനുകളില്‍ 1,50000 രൂപയുമാണെന്ന്
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട തീയതിക്കും തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെടുന്ന തീയതിക്കും (രണ്ട് തീയതിയും ഉള്‍പ്പെടെ) ഇടയില്‍ തിരഞ്ഞെടുപ്പ് സംബന്ധമായി സ്ഥാനാര്‍ഥിയോ തിരഞ്ഞെടുപ്പ് ഏജന്റോ വഹിച്ചതോ അധികാരപ്പെടുത്തിയതോ ആയ എല്ലാ ചെലവുകളുടെയും പ്രത്യേകം പ്രത്യേകം കണക്ക് സൂക്ഷിക്കേണ്ടതാണ്. ചെലവ് കണക്കില്‍ ചെലവ് നടന്ന തീയതി, ചെലവിന്റെ സ്വഭാവം, നല്‍കിയതോ നല്‍കേണ്ടതോ ആയ തുക, തുക നല്‍കിയ തീയതി, കൈപ്പറ്റിയ ആളിന്റെ പേര്, മേല്‍വിലാസം, വൗച്ചറിന്റെ സീരിയല്‍ നമ്പര്‍ എന്നിവ അടങ്ങിയിരിക്കണം.
ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകം തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കും ബോക്ക് പഞ്ചായത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും മുന്‍സിപ്പാലിറ്റിയില്‍ മുന്‍സിപ്പാലിറ്റി സെക്രട്ടറിക്കും കോര്‍പ്പറേഷനില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്കുമാണ് തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കേണ്ടത്. തിരഞ്ഞെടുപ്പ് ചെലവുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ ഇലക്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ മൊഡ്യൂള്‍ എന്ന സോഫ്റ്റ് വെയര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ സോഫ്റ്റ് വെയറിലൂടെ സ്ഥാനാര്‍ഥികള്‍ക്ക് സ്വയം ലോഗിന്‍ ക്രിയേറ്റ് ചെയ്ത് ചെലവ് കണക്കുകള്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് സമര്‍പ്പിക്കാവുന്നതാണ്.