തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് നാളെ നടക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളാണ് ആദ്യ ഘട്ടത്തിൽ ജനവിധി രേഖപ്പെടുത്തുന്നത്. വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ്. പോളിംഗിനായുള്ള മുന്നൊരുക്കങ്ങൾ ഇന്ന് പൂർത്തിയാകും. ഇന്ന് രാവിലെ 9 മണി മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും.(Local body elections, Heavy police security at polling booths in 7 districts in the first phase)
ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉൾപ്പെടെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിൽ 36,630 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.1.32 കോടിയിലധികം വോട്ടർമാർക്കായി 15,432 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് 480 പ്രശ്നബാധിത ബൂത്തുകളുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ പ്രത്യേക പോലീസ് സുരക്ഷ, വെബ് കാസ്റ്റിംഗ്, വീഡിയോ ഗ്രാഫി എന്നിവ ഉറപ്പാക്കും. പോളിംഗ് രണ്ട് ഘട്ടങ്ങളിലായി നടക്കും. ഇതിനായി 1.80 ലക്ഷം ഉദ്യോഗസ്ഥരെയും 70,000 പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.