തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. ഒന്നര ലക്ഷത്തോളം പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചതായാണ് പ്രാഥമിക കണക്ക്. നാളെ സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും.
നാമനിർദ്ദേശപത്രിക സമർപ്പണം അവസാനിച്ചതോടെ തദ്ദേശ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. വലിയ ആവേശത്തിലാണ് മുന്നണികൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ നോമിനേഷനുകൾ ലഭിച്ചത്.
ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലാണ് കുറവ് നാമനിർദ്ദേശ പത്രികകൾ ലഭിച്ചത്. നേരിട്ടും, നിർദ്ദേശകൻ വഴിയുമെല്ലാം സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടത്തും. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ പ്രസിദ്ധീകരിക്കും.
.