

തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ശുപാർശ ചെയ്ത ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ്. റിപ്പോർട്ട് പൂഴ്ത്തിവെക്കുന്നത് ചരിത്രപരമായ അനീതിയാണെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതിന് തിരിച്ചടിയുണ്ടാകുമെന്നും സംഘടന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.(Local body election results are the warning, Catholic Congress against state government)
2023 മെയ് മാസത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇതുവരെ നടപടി സ്വീകരിക്കാത്തത് ക്രൈസ്തവരോടുള്ള അവഗണനയാണ്. അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് സർക്കാരിനുള്ള കൃത്യമായ മുന്നറിയിപ്പാണ്. റിപ്പോർട്ട് നടപ്പാക്കിയില്ലെങ്കിൽ ജനങ്ങൾ വീണ്ടും ശക്തമായി പ്രതികരിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ക്രൈസ്തവ വിഭാഗങ്ങൾ അനുഭവിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രയാസങ്ങൾ പഠിച്ച റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ ഭയപ്പെടുന്നത് എന്തിനാണെന്നും അവർ ചോദിച്ചു. ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാൻ സർക്കാർ നിയോഗിച്ച മൂന്നംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ ഏകദേശം 500-ഓളം ശുപാർശകൾ ഉണ്ടെന്നാണ് സൂചന.