തദ്ദേശ തെരഞ്ഞെടുപ്പില്‍ അന്ധരായതോ മറ്റ് ശാരീരിക അവശതയോ ഉള്ള സമ്മതിദായകന് സ്വന്തം സമ്മതപ്രകാരം 18 വയസ്സില്‍ കുറയാത്ത പ്രായമുള്ള ഒരാളിനെ കൊണ്ട് വോട്ട് ചെയ്യിപ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. അന്ധതമൂലമോ മറ്റ് ശാരീരിക അവശതമൂലമോ ഒരു സമ്മതിദായകന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ ബാലറ്റ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിഞ്ഞ് വോട്ടു ചെയ്യുന്നതിനുള്ള ബട്ടണ്‍ അമര്‍ത്തുന്നതിനോ വോട്ടിങ് മെഷീനിലെ ബാലറ്റ് ബട്ടനോട് ചേര്‍ന്നുള്ള ബ്രെയിന്‍ ലിപി സ്പര്‍ശിച്ച് വോട്ട് ചെയ്യുന്നതിനോ പരസഹായം കൂടാതെ കഴിയുകയില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യം വരുന്ന പക്ഷം വോട്ടര്‍ക്ക് അദ്ദേഹത്തിന്റെ ആഗ്രഹത്തിനനുസരിച്ച് 18 വയസ്സില്‍ കുറയാത്ത പ്രായമുള്ള ഒരു സഹായിയെ/മിത്രത്തെ തന്നോടൊപ്പം വോട്ട് രേഖപ്പെടുത്താനുള്ള അറയിലേക്ക് അനുവദിക്കാം. സഹായിയെ അനുവദിക്കുന്ന പക്ഷം സമ്മതിദായകന്റെ ഇടതു കൈയിലെ ചൂണ്ടുവിരലില്‍ മായാത്ത മഷികൊണ്ട് ഒരു അടയാളം ഇടന്നതിനു പുറകെ സഹായിയുടെ വലതുകൈയിലെ ചൂണ്ടുവിരലിലും മായാത്ത മഷി കൊണ്ട് അടയാളം രേഖപ്പെടുത്തണം. എന്നാല്‍, ഈ ആവശ്യത്തിന് വേണ്ടി ഒരു സ്ഥാനാര്‍ഥിയെയോ പോളിംഗ് ഏജന്റിനെയോ അനുവദിക്കാന്‍ പാടില്ല. സമ്മതിദായകന് വേണ്ടി താന്‍ രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ചുകൊള്ളാമെന്നും അന്നേദിവസം ഏതെങ്കിലും പോളിങ് സ്റ്റേഷനില്‍ മറ്റേതെങ്കിലും സമ്മതിദായകന്റെ സഹായിയായി താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും രേഖപ്പെടുത്തിയ ഒരു പ്രഖ്യാപനം (അന്ധതയോ അവശതയുള്ളവരോ ആയ സമ്മതിദായകരുടെ സഹായി നല്‍കുന്ന പ്രഖ്യാപനം) നിര്‍ദ്ദിഷ്ട ഫോറത്തില്‍ വാങ്ങണം. പ്രിസൈഡിംഗ് ഓഫീസറോ മറ്റേതെങ്കിലും പോളിങ് ഓഫീസറോ അന്ധതയോ അവശതയുള്ളതോ ആയ സമ്മതിദായകനോടൊപ്പം സഹായിയായി അറയിലേക്ക് പോകാന്‍ പാടില്ല. ശാരീരിക അവശതയുള്ളവരെ ക്യൂവില്‍ നിര്‍ത്താതെ പോളിങ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുകയും വേണം. (Election)