തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ടം കർശനമായി പാലിക്കണം |Election

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടപ്പിലാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
election
Published on

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടപ്പിലാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും, തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും, ശുചിത്വ മിഷന്റെയും മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പൂർണമായും പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നത്തിനുള്ള നോഡൽ ഓഫീസർ. (Election)

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക്, പി.വി.സി., ഫ്ലക്സ് തുടങ്ങിയവ പൂർണമായും നിരോധിച്ചു. ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ തുടങ്ങിയവ നിർമിക്കുന്നതിന് പേപ്പർ, പി.സി.ബി. സർട്ടിഫൈ ചെയ്ത 100 ശതമാനം കോട്ടൺ, പുന:ചംക്രമണം ചെയ്യാവുന്ന പോളിഎത്തിലിൻ പോലുള്ളവ ഉപയോഗിക്കാം. രാഷ്ട്രീയ പാർട്ടികളുടെ ഇലക്ഷൻ ഓഫീസുകൾ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കണം.

പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ, പരിശീലന ക്യാമ്പുകൾ എന്നിവിടങ്ങളിൽ സ്റ്റീൽ, ചില്ല്, സെറാമിക് പാത്രങ്ങൾ മാത്രമേ ഭക്ഷണ – പാനീയ വിതരണത്തിന് ഉപയോഗിക്കാവു. പ്ലാസ്റ്റിക് ബോട്ടിലുകൾ, തെർമോകോൾ കപ്പുകൾ, പ്ലാസ്റ്റിക് പാഴ്സലുകൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കണം.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും ഔദ്യോഗിക പരസ്യങ്ങൾക്കും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രമേ പാടുള്ളു. പോളിംഗ് ബൂത്തുകൾ/ വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയുടെ ക്രമീകരണത്തിനും ഇലക്ഷൻ സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കും. ഭക്ഷണത്തിന് പ്ലാസ്റ്റിക് പാഴ്സലുകൾ ഒഴിവാക്കി പകരം വാഴയിലയിലോ പാത്രങ്ങളിലോ പാഴ്സലുകൾ തയ്യാറാക്കണമെന്നും നിർദ്ദേശമുണ്ട്.

തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം പാർട്ടികളും സ്ഥാനാർത്ഥികളും പ്രചാരണ സാമഗ്രികൾ ശേഖരിച്ച് യൂസർഫീ നൽകി ഹരിതകർമ്മസേനയ്ക്ക് കൈമാറണം. അല്ലാത്തപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അത് നീക്കം ചെയ്ത് ചെലവ് സ്ഥാനാർത്ഥികളിൽ നിന്ന് ഈടാക്കും. പോളിംഗ് സ്റ്റേഷനുകളിലും വിതരണ, സ്വീകരണ, വോട്ടെണ്ണൽ കേന്ദ്രങ്ങളിലും വോട്ടെടുപ്പ് – വോട്ടെണ്ണൽ ദിവസങ്ങളിൽ ജൈവ അജൈവ വസ്തുക്കൾ നിക്ഷേപിക്കുന്നതിന് വേണ്ട ബിന്നുകൾ സ്ഥാപിക്കുന്നതിന് അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിനു ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ക്ലീൻകേരള കമ്പനി, ഹരിത കർമസേന, സന്നദ്ധ സംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവയുടെ സഹായത്തോടെ ഇലക്ഷനുമായി ബന്ധപ്പെട്ട പാഴ് വസ്തുക്കൾ നീക്കം ചെയ്യണം. പൊതു പരിപാടികളിൽ ശബ്ദ മലിനീകരണം ഒഴിവാക്കുകയും പടക്കം, വെടിക്കെട്ട് തുടങ്ങിയവ നിയമാനുസൃതമായി മാത്രം ഉപയോഗിക്കണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com