കൊച്ചി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്നു കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വായ്പയ്ക്ക് ഒരു വർഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കുമെന്നും തിരിച്ചടവ് പുനഃക്രമീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു. മൊറട്ടോറിയം പോരെന്നും വായ്പ എഴുതിത്തള്ളുന്നത് പരിഗണിക്കണമെന്നും കേന്ദ്രത്തോട് കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മൊറട്ടോറിയത്തിൽ വായ്പയ്ക്ക് പലിശയുണ്ടോയെന്ന് ഹൈക്കോടതിയുടെ ചോദ്യത്തിന്, പലിശയുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. അങ്ങനെയെങ്കിൽ ദുരന്തബാധിതർക്ക് എന്ത് ഗുണമാണ് ഉണ്ടാകുന്നതെന്ന് കോടതി മറുചോദ്യം ഉന്നയിച്ചു. അതിനുത്തരമായി, മുഖ്യമന്ത്രി ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലെ തീരുമാനമാണ് ഇതെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്.