വോട്ടു പിടിക്കാൻ മദ്യം വിതരണം: വയനാട് തോൽപ്പെട്ടിയിൽ സംഘർഷം, CPM പ്രവർത്തകരെ മോചിപ്പിച്ചതായി പരാതി | Liquor
വയനാട്: തോൽപ്പെട്ടിയിൽ വോട്ടിംഗ് അടുത്തിരിക്കെ മദ്യം വിതരണം ചെയ്തതിനെച്ചൊല്ലി സംഘർഷം. സിപിഎം പ്രവർത്തകർ രാത്രി നെടുന്തന ഉന്നതിയിൽ മദ്യം വിതരണം ചെയ്യാൻ ശ്രമിച്ചു എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.(Liquor distribution to garner votes, Clashes erupt in Wayanad)
സംഘർഷം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പിടികൂടിയ മൂന്ന് സിപിഎം പ്രവർത്തകരെ മറ്റ് പ്രവർത്തകർ ചേർന്ന് പോലീസിൽ നിന്ന് മോചിപ്പിച്ചതായും യുഡിഎഫ് ആരോപിക്കുന്നുണ്ട്. ഇത് പ്രദേശത്ത് വലിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു.
രാത്രി 7 മണിക്ക് ശേഷം ആരും സ്ഥലത്ത് എത്തരുതെന്ന് പോലീസ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഒരു വിഭാഗം സിപിഎം പ്രവർത്തകർ സ്ഥാനാർത്ഥിയോടൊപ്പം രാത്രി ഇവിടെയെത്തി. ഇത് യുഡിഎഫ് പ്രവർത്തകർ തടഞ്ഞതോടെയാണ് പ്രശ്നം ആരംഭിച്ചത്. സംഘർഷാവസ്ഥ രൂക്ഷമായതോടെ പോലീസ് സ്ഥലത്തെത്തി മൂന്ന് സിപിഎം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. എന്നാൽ, മറ്റ് സിപിഎം പ്രവർത്തകർ പോലീസിനെ തടഞ്ഞ് കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കുകയായിരുന്നു.
പിന്നീട് സ്ഥലത്ത് തമ്പടിച്ച ഇരുഭാഗം പാർട്ടി പ്രവർത്തകരെയും പോലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു. നിലവിൽ, തോൽപ്പെട്ടിയിൽ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
