തൃശ്ശൂർ: മരത്തംകോട് പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച് സ്ഥാപിച്ച ലൈറ്റ് പന്തൽ റോഡിലേക്ക് തകർന്നുവീണ് തൊഴിലാളിക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളിയായ പ്രദീപിനാണ് പരിക്കേറ്റത്. അപകടത്തിൽ റോഡിൽ നിർത്തിയിട്ടിരുന്ന ഒരു ഗുഡ്‌സ് ലോറിക്കും നാശനഷ്ടം സംഭവിച്ചു.(Light tent collapses and falls onto road in Thrissur, Worker injured)
കുന്നംകുളം-വടക്കാഞ്ചേരി റോഡിലെ മരത്തംകോട് സെന്റർ. പെരുന്നാൾ കഴിഞ്ഞതിനെ തുടർന്ന് വായനശാല ഫ്രണ്ട്‌സ് കമ്മിറ്റി സ്ഥാപിച്ച ലൈറ്റ് പന്തൽ അഴിച്ചുമാറ്റുന്നതിനിടെ ഉച്ചയോടെ റോഡിലേക്ക് തകർന്നുവീഴുകയായിരുന്നു.
പരിക്കേറ്റ തൊഴിലാളി പ്രദീപിനെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറക്കൽ സ്വദേശി ലിനീഷ് ഓടിച്ചിരുന്ന മിനി ഗുഡ്‌സ് ലോറിയാണ് തകർന്നുപോയത്.
അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ വിജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ച് തുടർനടപടികൾ സ്വീകരിച്ചു.