
കൊച്ചി: അറബിക്കടലിൽ അപകടത്തിൽപ്പെട്ട ലൈബീരിയൻ കപ്പലായ "എം.എസ്.സി എൽസ-3 ഫീഡര്‍" കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു(Liberian ship). കേരളാ തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് കപ്പൽ അപകടത്തിൽ പെട്ടത്. 400 ൽ അധികം കണ്ടെയ്നറുകളുള്ള കപ്പലിൽ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 21 പേരെയും രക്ഷപ്പെടുത്തി. 3 പേരെ രക്ഷിക്കാനുള്ള ശ്രമമാണ് തുടരുന്നത്.
വിഴിഞ്ഞത്തു നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് കപ്പൽ അപകടത്തിൽപെട്ടത്. കപ്പലിനുള്ളിൽ അപകടകരമായ വസ്തുക്കൾ ഉണ്ടെന്നാണ് പുറത്തു വരുന്ന വിവരം. മറൈൻ ഗ്യാസ് ഓയിലായ ലോ സള്‍ഫര്‍ ഫ്യൂവൽ ഇന്ധനങ്ങളാണ് കണ്ടെയ്നറുകളിലുള്ളത്. കോസ്റ്റുകാർഡിന്റെ കപ്പലുകളും ഡോണിയർ വിമാനങ്ങളും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. കപ്പലിനുള്ളിൽ ഒരു ജോർജിയൻ പൗരനും 2 യുക്രെയ്ൻ പൗരന്മാരും 20 ഫിലിപ്പൈൻ പൗരൻമാരും റഷ്യൻ പൗരനായ ക്യാപ്റ്റനുമാണ് ഉണ്ടായിരുന്നത്.