
തിരുവനന്തപുരം : കത്ത് ചോർച്ച വിവാദത്തിൽ ആകെ വലഞ്ഞിരിക്കുകയാണ് സി പി എം നേതൃത്വം. ഉന്നത സി പി എം നേതാക്കളുടെ പേരുകൾ ചെന്നൈയിലെ വ്യവസായിയായ മുഹമ്മദ് ഷെർഷാദ് നൽകിയ പരാതിയിൽ ഉണ്ടായിരുന്നതാണ് പാർട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്.(Letter leak controversy in CPM)
ഇത് ഡോ. ടി എം തോമസ് ഐസക്, എം ബി രാജേഷ്, പി ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ്. ശ്യാം ഗോവിന്ദൻ്റെ പേരും ഇതിലുണ്ട്. ബ്രിട്ടനിലെ വ്യവസായി രാജേഷ് കൃഷ്ണ താൻ ഇവരുടെ ബിനാമിയാണെന്ന് അവകാശപ്പെട്ടതായി കത്തിലുണ്ട്. മന്ത്രിമാരുടെ പേരുള്ളത് 2023ൽ പൊലീസിന് സമർപ്പിച്ച പരാതിയിലാണ്.
അതേസമയം, സി പി എമ്മിലെ കത്ത് ചോർച്ച വിവാദത്തെക്കുറിച്ച് ഇന്ന് പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യും. സ്വകാര്യ വ്യക്തി നൽകിയ കത്ത് ചോർന്നത് പാർട്ടിക്കുള്ളിൽ ആകെ ഞെട്ടലായിരുന്നു. നേതാക്കൾക്ക് നേരെ സാമ്പത്തിക ആരോപണം നടത്തിക്കൊണ്ടുള്ള കത്തായിരുന്നു ഇത്. ഇത് പ്രതിപക്ഷവും ബി ജെ പിയും ഏറ്റെടുത്ത് കഴിഞ്ഞു.
പാർട്ടി തീർപ്പാക്കേണ്ടിയിരുന്ന ഒരു പരാതിയാണ് കോടതി രേഖയായി മാറിയത്. അന്വേഷണം ആവശ്യപ്പെട്ട് മുഹമ്മദ് ഷെർഷാദ് ജനറൽ സെക്രട്ടറി എം എ ബേബിക്ക് കത്ത് നൽകിയിരുന്നു.