
ഇന്നത്തെ 10 പ്രധാന വാർത്താ തലക്കെട്ടുകൾ നോക്കാം (14-10-2025) | Today's 10 major news headlines
Murder : പോത്തുണ്ടി സജിത കൊലക്കേസ് : ചെന്താമര കുറ്റക്കാരനെന്ന് വിധിച്ച് കോടതി, ശിക്ഷാവിധി മറ്റന്നാൾ, കൂസലില്ലാതെ പ്രതി
പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരൻ ആണെന്ന് വിധിച്ച് കോടതി. മറ്റന്നാളായിരിക്കും കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക. നടപടി പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ്. ഇയാൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ എല്ലാം തെളിഞ്ഞു. കൊലയ്ക്ക് പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങളെല്ലാം തെളിഞ്ഞു. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന ചോദ്യത്തിന് ഒന്നുമില്ല എന്നായിരുന്നു ചെന്താമരയുടെ മറുപടി. യാതൊരു കൂസലുമില്ലാതെയാണ് ഇയാൾ വിധി കേട്ടുനിന്നത്. പുറത്തിറക്കിയപ്പോഴും ഇയാൾ പ്രതികരിച്ചില്ല.
GOLD PRICE : ഒറ്റയടിക്ക് കൂടിയത് 2400 രൂപ ! : സ്വർണ്ണം കയ്യെത്താ ദൂരത്ത്..
രളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് റെക്കോർഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒറ്റയടിക്ക് 2400 രൂപയാണ് പവന് കൂടിയത്. പവന് 94,360 രൂപ എന്ന നിലയിലും, ഗ്രാമിന് 300 രൂപ കൂടി 11,795 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.
Abin Varkey : 'പാർട്ടി തീരുമാനം അംഗീകരിക്കുന്നു, കേരളത്തിൽ പ്രവർത്തിക്കണം എന്നായിരുന്നു ആഗ്രഹം': അബിൻ വർക്കി
മാധ്യമങ്ങളെ കണ്ട് അബിൻ വർക്കി. തനിക്ക് കേരളത്തിൽ പ്രവർത്തിക്കണം എന്നായിരുന്നു ആഗ്രഹമെന്നാണ് അദ്ദേഹം പറഞ്ഞത്. പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Abin Varkey to the Media) അബിൻ വർക്കിയുടെ പ്രതികരണം വാർത്താ സമ്മേളനത്തിൽ ആയിരുന്നു. പാര്‍ട്ടി പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട് എന്നും, കേരളത്തിൽ പ്രവര്‍ത്തിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. ദേശീയ സെക്രട്ടറി ആകാൻ താൽപര്യമില്ല എന്ന് സൂചിപ്പിച്ച അദ്ദേഹം അതൃപ്തി പരസ്യമാക്കി കൊണ്ടാണ് സംസാരിച്ചത്.
CM : 'മകനെതിരായ ED സമൻസിൽ മുഖ്യമന്ത്രി തന്നെ മറുപടി പറയണം, ED എന്തിനാണ് കേസ് മറച്ചു വച്ചത് ? അബിൻ വർക്കിയുടെ വിയോജിപ്പ് വ്യക്തിപരമാണ്': VD സതീശൻ
മകനെതിരായ ഇ ഡി സമൻസിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയണമെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. വൈകാരികതയല്ല, ഉത്തരവാദിത്വമുള്ള മറുപടിയാണ് വേണ്ടത് എന്ന് പറഞ്ഞ അദ്ദേഹം, ഇ ഡി എന്തിനാണ് കേസ് മറച്ചു വച്ചതെന്നും ചോദിച്ചു.(VD Satheesan against CM) അതിന് പിന്നിൽ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും, ഈ വിഷയത്തിൽ ദുരുഹത ഉണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി. മറ്റു സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കൾക്കെതിരെ നടപടി ഉണ്ടാകുമ്പോൾ പിണറായി വിജയന്റെ മകനെതിരായ അന്വേഷണത്തിൽ മാത്രം മൗനം പാലിച്ചത് എന്തിനാണെന്ന് അദ്ദേഹം ഇ ഡിയോട് ചോദ്യമുന്നയിച്ചു. മുകളിൽ നിന്ന് ഇഡിക്ക് നിർദ്ദേശം വന്നോ എന്നും അദ്ദേഹം ചോദിച്ചു.
BJP : ബിഹാർ തെരഞ്ഞെടുപ്പ് : 71 സ്ഥാനാർത്ഥികളുടെ പട്ടിക BJP പുറത്തിറക്കി, 2 ഉപ മുഖ്യമന്ത്രിമാർ, 6 മന്ത്രിമാർ
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 71 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി ചൊവ്വാഴ്ച പുറത്തിറക്കി. താരാപൂർ, ലഖിസാരായ് സീറ്റുകളിൽ യഥാക്രമം ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവരെയും ആറ് സംസ്ഥാന മന്ത്രിമാരെയും മത്സരിപ്പിക്കുന്നു.(BJP releases list of 71 candidates for Bihar polls) ബെട്ടിയ നിയമസഭാ മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടുന്ന സിറ്റിംഗ് മന്ത്രി രേണു ദേവി ഉൾപ്പെടെ ഒമ്പത് വനിതാ സ്ഥാനാർത്ഥികളും പട്ടികയിൽ ഉൾപ്പെടുന്നു. സിറ്റിംഗ് എംഎൽഎയും അർജുന അവാർഡ് ജേതാവുമായ ശ്രേയസി സിംഗ് ജാമുയി സീറ്റിൽ നിന്ന് വീണ്ടും മത്സരിക്കും.
Dead : പാലക്കാട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി : അരികിൽ നാടൻ തോക്ക്, ദുരൂഹത, കൊലപാതകമെന്ന് സംശയിച്ച് പോലീസ്
യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാടാണ് സംഭവം. കല്ലടിക്കോട് മരിച്ചത് മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനുവും സുഹൃത്ത് നിതിനുമാണ്. ഇവർ അയൽവാസികൾ ആണ്. (Men found dead in Palakkad) ഇന്ന് വൈകുനേരം 3 മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മരുതുംകാട് സർക്കാർ സ്കൂളിന് സമീപമാണ് ബിനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് നിന്ന് നാടൻ തോക്കും കണ്ടെടുത്തു.
സ്‌കൂളിലെ ശിരോവസ്ത്ര വിലക്ക് ; വിദ്യാര്‍ഥിനിയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി |v sivankutty
പള്ളുരുത്തി സെൻ്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിൻ്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദ്യാര്‍ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷണം നടത്തുകയും സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമല സ്വർണ്ണ കൊള്ള ; എല്ലാ അന്വേഷണങ്ങളേയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വാഗതം ചെയ്യുന്നു |PS Prasanth
ശബരിമല സ്വർണ്ണ കൊള്ള വിവാദത്തിൽ സർക്കാരും ദേവസ്വം ബോർഡ് സമഗ്രമായ അന്വേഷണം ഉറപ്പാക്കിയെന്ന് പിഎസ് പ്രശാന്ത്.കോടതി നിയോഗിച്ച അന്വേഷണസംഘത്തെ ബോർഡിന് പൂർണ വിശ്വാസമാണെന്ന് പിഎസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണ്ണപാളി, ശ്രീകോവിലിന്റെ കട്ടള എന്നിവയുമായി ബന്ധപ്പെട്ട ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ ഗൗരവമുള്ളതാണ്. വിട്ടുവീഴ്ചയില്ലാത്ത നിയമ നടപടികള്‍ക്ക് വിധേയമാക്കി നഷ്ടപ്പെട്ടുപോയ സ്വര്‍ണ്ണം കണ്ടെത്തി തിരിച്ചു പിടിക്കണം. ഇതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളേയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വാഗതം ചെയ്യുന്നു.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത |Rain alert
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ബുധനാഴ്ച എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം , തിരുവനന്തപുരം ജില്ലകളിലും യെല്ലോ അലേർട്ടാണ്. ശനിയാഴ്ച വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലേർട്ടാണ്.
പലസ്തീനികളെ വധശിക്ഷയ്ക്ക് വിധേയരാക്കുന്ന ഹമാസിന്റെ ദൃശ്യങ്ങള്‍ പുറത്ത് |Hamas execution
ഗാസ സമാധാന കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെ ഇസ്രയേലുമായി സഹകരിച്ചെന്ന് ആരോപിച്ച് ഒരുകൂട്ടം പലസ്തീനികളെ ഹമാസ് വധശിക്ഷയ്ക്ക് വിധേയരാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ അന്താരാഷ്ട്ര തലത്തില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വെടിനിര്‍ത്തലിന്റെ അനന്തര നടപടികള്‍ ചര്‍ച്ച ചെയ്യാനായി ഈജിപ്തില്‍ സമാധാന ഉച്ചകോടിയില്‍ ലോകനേതാക്കള്‍ ഗാസ കരാറില്‍ ഒപ്പിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. കൈകള്‍ പിന്നില്‍ കെട്ടിയിട്ട് ഏഴ് പുരുഷന്‍മാരെ നിലത്ത് മുട്ടുകുത്തി നിര്‍ത്തി. പിന്നീട് ഇവരെ വെടിവെച്ച് കൊല്ലുന്നതുമാണ് വീഡിയോയിലുള്ളത്. വെടിവെപ്പിനു പിന്നാലെ സ്ഥലത്ത് കൂടിനില്‍ക്കുന്നവര്‍ ഉറക്കെ മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിൽ കേള്‍ക്കാം.