തിരുവനന്തപുരം: മേയർ സ്ഥാനം വാഗ്ദാനം നൽകി തന്നെ ഒഴിവാക്കിയെന്ന ആർ. ശ്രീലേഖയുടെ പരസ്യ പ്രതികരണത്തിൽ കരുതലോടെ പ്രതികരിച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. ശ്രീലേഖയുടെ വിമർശനത്തെക്കുറിച്ച് ഓൺലൈൻ വാർത്തകളിലൂടെയുള്ള അറിവേ തനിക്കുള്ളൂവെന്നും കാര്യങ്ങൾ അന്വേഷിക്കുമെന്നും രാജേഷ് പറഞ്ഞു.(Let's find out what has happened, Mayor VV Rajesh responds cautiously to R Sreelekha's statement)
"ശ്രീലേഖയുടെ പ്രസ്താവനയെക്കുറിച്ച് ഓൺലൈൻ വാർത്തകൾക്ക് അപ്പുറം കൂടുതൽ വിവരങ്ങൾ അറിയില്ല. ഭരണപരമായ കാര്യങ്ങളിൽ ശ്രീലേഖ ഉൾപ്പെടെയുള്ളവർ മികച്ച രീതിയിൽ സഹകരിക്കുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് അവരോട് തന്നെ അന്വേഷിക്കട്ടെ, ഞങ്ങൾ തമ്മിൽ കാണുന്നതാണല്ലോ,"- വി.വി. രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖമായി തന്നെ ഉയർത്തിക്കാട്ടിയ ശേഷമാണ് മേയർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതെന്നായിരുന്നു ശ്രീലേഖയുടെ ആരോപണം. താനായിരിക്കും മേയർ സ്ഥാനാർത്ഥിയെന്ന് പറഞ്ഞാണ് പാർട്ടി നേതൃത്വം തന്നെ മത്സരത്തിനിറക്കിയത്. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം ആ തീരുമാനം മാറ്റി. പത്ത് സ്ഥാനാർത്ഥികളെ ജയിപ്പിക്കാനുള്ള ചുമതലയും പാർട്ടി തന്നെ ഏൽപ്പിച്ചിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന നിലയിൽ മാധ്യമ ചർച്ചകളിലും സജീവമായി എന്നും അവർ കൂട്ടിച്ചേർത്തു.
തീരുമാനത്തിൽ അതൃപ്തിയുണ്ടെങ്കിലും തന്നെ ജയിപ്പിച്ച വോട്ടർമാരോടുള്ള കടപ്പാട് കാരണം കൗൺസിലറായി തുടരുന്നു. "പോടാ പുല്ലെ" എന്ന് പറഞ്ഞ് ഇറങ്ങിപ്പോകാൻ താല്പര്യമില്ലെന്നും അവർ പറഞ്ഞു. വി.വി. രാജേഷിനും ആശാനാഥിനും തന്നേക്കാൾ നന്നായി പ്രവർത്തിക്കാൻ കഴിയുമെന്ന് കേന്ദ്ര നേതൃത്വത്തിന് തോന്നിയതുകൊണ്ടാകാം തന്നെ മാറ്റിയതെന്നും അവർ കൂട്ടിച്ചേർത്തു.