കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ സമ്മർദ്ദത്തിലാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എം ബന്ധമുള്ള പോലീസുകാരെയാണ് അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശബരിമലയിലെ സ്വർണ്ണം ആർക്കാണ് വിറ്റതെന്ന് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.(Let the Chief Minister be questioned also, VD Satheesan on Sabarimala gold theft case)
മൂന്ന് സി.പി.എം നേതാക്കൾ ഇതിനോടകം കേസിൽ പെട്ടു കഴിഞ്ഞു. ബാക്കിയുള്ളവർ ക്യൂവിലാണ്. നാണംകെട്ടു നിൽക്കുന്ന സി.പി.എം, കേസിനെ ബാലൻസ് ചെയ്യാൻ വേണ്ടിയാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്.
പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തു എന്നതാണ് കോൺഗ്രസ് നേതാക്കൾക്കെതിരായ ആരോപണമെങ്കിൽ, മുഖ്യമന്ത്രിയുടെ ഫോട്ടോകളും പുറത്തു വന്നിട്ടുണ്ട്. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം. അടൂർ പ്രകാശിനെ ചോദ്യം ചെയ്തത് കൊണ്ട് മാത്രം അദ്ദേഹം പ്രതിയാകില്ലെന്നും സതീശൻ പറഞ്ഞു.
ചില ആളുകളെക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബോധപൂർവ്വം വർഗ്ഗീയത പറയിപ്പിക്കുകയാണ്. ഇതിനെല്ലാം പിന്നിൽ മുഖ്യമന്ത്രിയുടെ ബുദ്ധിയാണെന്നും അദ്ദേഹം ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പോടെ ഇടതുമുന്നണി പൂർണ്ണമായും ശിഥിലമായിക്കഴിഞ്ഞു. അതിന്റെ പരിഭ്രാന്തിയിലാണ് ഇത്തരം നടപടികൾ. അഴിമതി മറച്ചുപിടിക്കാനും അന്വേഷണം അട്ടിമറിക്കാനും വേണ്ടിയാണ് പോലീസിനെ സർക്കാർ ദുരുപയോഗം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.