കൊച്ചി: വിവാദങ്ങൾക്കിടയിലും പുനർജനി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ അദ്ദേഹം നിർവ്വഹിച്ചു. ആരെങ്കിലും പരാതി നൽകി എന്ന് കരുതി ജനക്ഷേമ പദ്ധതികൾ നിർത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Let the CBI investigate, VD Satheesan lays foundation stone for house amid controversies over Punarjani project)
മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി നടത്തുന്ന പദ്ധതിയാണിത്. 230-ഓളം വീടുകൾ പദ്ധതിയിലൂടെ തയ്യാറായിട്ടുണ്ട്. പ്രവർത്തനങ്ങളുടെ കൃത്യമായ രേഖകൾ കൈവശമുണ്ട്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ അദ്ദേഹം സ്വാഗതം ചെയ്തു.
രക്തസാക്ഷി ഫണ്ട് തിരിമറിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ സിപിഎം ആക്രമിക്കുന്നത് അവരുടെ തകർച്ചയുടെ തുടക്കമാണ്. അഴിമതി തുറന്നുപറഞ്ഞ നേതാവ് ഇപ്പോൾ വധഭീഷണിയിലാണ്. ടി.പി. ചന്ദ്രശേഖരന്റെ വിധി അദ്ദേഹത്തിന് വരുമോ എന്ന ആശങ്കയുണ്ടെന്നും സതീശൻ പറഞ്ഞു.
സിൽവർ ലൈനിനെ എതിർത്തത് അത് തട്ടിക്കൂട്ട് പദ്ധതിയായതിനാലാണ്. എന്നാൽ ശാസ്ത്രീയമായ രീതിയിൽ വരുന്ന അതിവേഗ റെയിൽ പദ്ധതിയെ സ്വാഗതം ചെയ്യുന്നു. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണ സംഘത്തിന് വലിയ പാളിച്ചകൾ സംഭവിച്ചിരിക്കുന്നു. കൃത്യസമയത്ത് കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതികൾ പുറത്തിറങ്ങും. രാഷ്ട്രീയ സമ്മർദ്ദം മൂലം അന്വേഷണം വഴിമുട്ടി നിൽക്കുകയാണെന്നും ഇത് തെളിവുകൾ നശിപ്പിക്കാൻ കാരണമാകുമെന്നും അദ്ദേഹം ആരോപിച്ചു.
വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്ര സഹായം ലഭിച്ചത് യുപിഎ സർക്കാരിന്റെ കാലത്താണെന്നും ഇപ്പോഴത്തെ സഹായം എന്ന നിലയിലുള്ള പ്രചാരണം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.