

പാലക്കാട്: മംഗലം ഡാമിന് സമീപം ഓടൻതോട് ഭാഗത്ത് പുലിയിറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. തിങ്കളാഴ്ച രാത്രി സ്വകാര്യ എസ്റ്റേറ്റിലെ വലയിൽ കുടുങ്ങിയ പുലി, വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപ് വല പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
ഓടൻതോട്ടിലെ സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിൽ സ്ഥാപിച്ചിരുന്ന വലയിലാണ് പുലി കുരുങ്ങിയത്. പുലിയെ കണ്ട ഉടൻ തന്നെ നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചു. എന്നാൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തും മുൻപേ പുലി ശക്തിയായി കുതറി വല പൊട്ടിച്ച് കാട്ടിലേക്ക് മറഞ്ഞു. രണ്ടാഴ്ച മുൻപും ഇതേ പ്രദേശത്ത് പുലിയെ കണ്ടിരുന്നതായും അന്നും വനപാലകർ എത്തും മുൻപ് പുലി രക്ഷപ്പെടുകയായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.
പുലിയെ കണ്ടെത്താനായി പ്രദേശത്ത് ആർ.ആർ.ടി (Rapid Response Team) സംഘത്തെ നിയോഗിച്ചു. മുൻപ് പുലിയെ കണ്ടപ്പോൾ വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും ദൃശ്യങ്ങളൊന്നും ലഭിച്ചിരുന്നില്ല.പുലി ജനവാസ മേഖലയിൽ തുടർച്ചയായി ഇറങ്ങുന്ന സാഹചര്യത്തിൽ ഉടൻ കൂട് സ്ഥാപിച്ച് അതിനെ പിടികൂടണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.എസ്റ്റേറ്റ് തൊഴിലാളികളും വനാതിർത്തിയോട് ചേർന്ന് താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.