നിയമസഭാ സമ്മേളനം നാളെ അവസാനിപ്പിക്കാൻ നീക്കം |Legistative assembly

വെളളിയാഴ്ച പരിഗണിക്കേണ്ട ബില്ലുകൾ നാളെ പാസാക്കും.
legistative assembly
Published on

തിരുവനന്തപുരം : നിയമസഭാ സമ്മേളനം നാളെ അവസാനിപ്പിക്കാൻ നീക്കം. വെളളിയാഴ്ച (ഒക്ടോബർ -10) വരെ നിശ്ചയിച്ചിരുന്ന സമ്മേളനമാണ് നാളെ അവസാനിപ്പിക്കുക. വെളളിയാഴ്ച പരിഗണിക്കേണ്ട ബില്ലുകൾ നാളെ പാസാക്കും.

ശബരിമല സ്വർണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സഭയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുകയും അത് സഭ സ്തംഭിപ്പിക്കുന്ന സാഹചര്യത്തിലേക്ക് നീങ്ങുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിയമനിർമാണ പ്രക്രിയകൾ പൂർത്തിയാക്കികൊണ്ട് നാളെ തന്നെ സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് ധാരണ.

അതേ സമയം, സ്വര്‍ണപ്പാളി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് രംഗത്തെത്തിയിരുന്നു. മൂന്നാമത്തെ ദിവസമാണ് ഞങ്ങൾ നിയമസസഭയില്‍ സമരം നടത്തുന്നതെന്നും ഇത്രദിവസം മുഖ്യമന്ത്രി എവിടെയായിരുന്നുവെന്നുമാണ് വിഡി സതീശൻ ചോദിച്ചത്.

ഒരു പത്രസമ്മേളനം നടത്തി സര്‍ക്കാരിന് പറയാനുള്ളത് പറയേണ്ടേ? അത് പറഞ്ഞോ? ഈ വിഷയത്തില്‍ ഇനി ഒരു ചര്‍ച്ച വേണ്ടെന്നും നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം തുടരുമെന്നും വിഡി സതീശൻ വ്യക്തമാക്കിയിരുന്നു. ദ്വാരപാലക ശില്‍പം മാത്രമല്ല, കട്ടിളപ്പാളിയും വാതിലും അടക്കം അടിച്ചു കൊണ്ടുപോയിരിക്കുകയാണ്. രണ്ടാമത് ഈ സര്‍ക്കാര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിളിച്ച് വരുത്തിയിരിക്കുകയാണ്. വീണ്ടും കക്കാന്‍ വേണ്ടിയാണ്. ഇത്തവണ അയ്യപ്പ വിഗ്രഹം കൂടി കൊണ്ടുപോകാനായിരുന്നു പ്ലാന്‍ എന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com