കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിധി വരുന്ന നിർണ്ണായക ഘട്ടത്തിൽ, അതിജീവിതയ്ക്ക് നീതി ലഭിക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ഉമ തോമസ് എം.എൽ.എ. വിചാരണയുടെ പല ഘട്ടങ്ങളിലും ഈ സംശയം ബലപ്പെടുത്തുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, വിധി പ്രതികൂലമായാൽ ആവശ്യമായ നിയമസഹായം നൽകുമെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.(Legal aid will be provided if the verdict is against the survivor, says Uma Thomas MLA)
അതിജീവിതയുമായി താൻ സംസാരിച്ചിരുന്നതായും, വിധിയെക്കുറിച്ച് അവർക്കും ആശങ്കയുണ്ടെന്നും ഉമ തോമസ് വ്യക്തമാക്കി. "വിധി എതിരായാണ് വരുന്നതെങ്കിൽ ആവശ്യമായ നിയമസഹായം നൽകും."പ്രമുഖരായ പലരും മൊഴി മാറ്റിയത് വിധിയെ ബാധിക്കുമോയെന്ന് ആശങ്കയുണ്ട്.
കേസുമായി ബന്ധപ്പെട്ട് അന്തരിച്ച എം.എൽ.എ. പി.ടി. തോമസ് നടത്തിയ നിർണായക ഇടപെടലുകളും ഉമ തോമസ് ഓർത്തെടുത്തു. മൊഴി മാറ്റാൻ പി.ടി. തോമസിനും വലിയ സമ്മർദ്ദമുണ്ടായിരുന്നു. വാഹനത്തിന്റെ ബോൾട്ട് ഇളകിയത് വധശ്രമം ആയിരുന്നോയെന്ന് സംശയമുണ്ടായിരുന്നു. "പി.ടി. അന്ന് ഇടപെട്ടില്ലായിരുന്നെങ്കിൽ ഈ കേസ് ഇവിടെ വരെ എത്തില്ലായിരുന്നു." വിധി വരുന്നതിന് തൊട്ടുമുമ്പ് ഉമ തോമസ് നടത്തിയ ഈ പ്രതികരണം രാഷ്ട്രീയപരമായും നിയമപരമായും ചർച്ചയാവുകയാണ്.