അയ്യപ്പസംഗമത്തിൽ വിമർശനവുമായി ഇടത് ചിന്തകനായ ഡോ. ആസാദ് |Dr Azad

സിപിഎമ്മിന്റെ സംഘ്പരിവാർ അനുകൂല നിലപാടുകളെ രൂക്ഷമായി വിമർശിച്ചു
Dr Azad
Published on

കോഴിക്കോട്: സംസ്ഥാന സർക്കാർ സംഘടിപ്പിച്ച അയ്യപ്പസംഗമത്തിൽ വിമർശനവുമായി ഇടത് ചിന്തകനായ ഡോ. ആസാദ്. സിപിഎമ്മിന്റെ സംഘ്പരിവാർ അനുകൂല നിലപാടുകളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ആസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം.....

ഭഗവത് മാനിഫെസ്റ്റോ: ഒരു കമ്യൂണിസ്റ്റ് ഗീത.....

-----------------------------------------

ഇന്നലെ ഞാൻ കാറൽ മാർക്സിനെ കണ്ടു.

വെള്ളാപ്പള്ളിയുടെ ചുമലിൽ കൈവെച്ച്

ഒച്ചയില്ലാതെ നടന്നുപോകുന്നു.

ആ പഴയതാടിരോമങ്ങളില്ല.

കണ്ണുകളിൽ കനലുകളില്ല.

പ്രണയമോ കവിതയോ ഇല്ല.

ഈ തെരുവിൽ

താൻ വീണുകിടക്കാത്ത ഓടകളില്ലെന്ന്,

പണത്തിനിരക്കാത്ത പടിപ്പുരകളില്ലെന്ന്

ഉഴുതുമറിക്കാത്ത ചിന്തകളില്ലെന്ന്

മെരുക്കാത്ത ദർശനങ്ങളില്ലെന്ന്

തീ കൊളുത്താത്ത അധികാരങ്ങളില്ലെന്ന്

അയാൾ മറന്നുപോയിരിക്കുന്നു.

വാറണ്ടുകൾക്കും വടിവാളുകൾക്കും

ഇടയിലൂടെ നടന്നുപോയിട്ടുണ്ട്.

ഇന്ദ്രചന്ദ്രന്മാരെ നിലയ്ക്കു നിർത്തിയിട്ടുണ്ട്.

വാടകപ്പുരകളിലല്ലാതെ പാർത്തിട്ടില്ല.

മരണത്തെയും പ്രണയത്തെയും കൂടെ കൊണ്ടുനടന്നിട്ടുണ്ട്.

കൊട്ടാരത്തിൽ ജനിച്ചെങ്കിലും ദരിദ്രനായി ജീവിച്ചു.

എംഗൽസായിരുന്നു കൂട്ടുകാരൻ.

ഇംഗ്ലണ്ടിലെ തൊഴിലാളിവർഗത്തിന്റെ ചരിത്രം പറഞ്ഞവൻ, പണക്കാരൻ.

ഇന്നലെ കാണുമ്പോൾ

അദാനിയെക്കുറിച്ചായിരുന്നു സംസാരം.

യൂസഫലിയായിരുന്നു ഫോണിൽ.

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളിൽ നിന്ന്

തന്നെ രക്ഷിച്ചവനെന്ന് അദാനി ആശ്ലേഷിക്കുന്നു.

ജനാധിപത്യ വിപ്ലവത്തിന്റെ എംഗൽസേയെന്ന് തിരിച്ചുള്ള വിതുമ്പൽ.

ദില്ലിയിൽ നമ്മുടെ രക്ഷകർ പുതിയ ഷെൽട്ടറുകൾ പണിയുന്നു.

പൊരുതുന്നവർക്കുള്ള പുതിയ കമ്യൂണുകൾ.

സഖാവിനെ സഹായിക്കാൻ അവിടെ ബ്യൂറോയുണ്ട്.

അദാനി, സാഹചര്യം അറിയിക്കുന്നു.

അമിത്ഷായുടെ മുഖമാണല്ലോ നിന്റെ വെള്ളാപ്പള്ളിക്ക്!

അദാനി ഊറിയൂറി ചിരിക്കുന്നു.

ഈ പുസ്തകം വായിച്ചു നോക്കൂ, അയാൾ പറഞ്ഞു.

നായനാർസഖാവ് തുറന്നുനോക്കാതെ

മാർപ്പാപ്പയ്ക്കു കൊടുത്ത പുസ്തകമാണ്.

വായനക്കാരനല്ലെങ്കിലും നീയിതു വായിക്കും.

കാരണം,

നിന്റെ രക്ഷക്ക് ഇത് ഏറ്റവും ഉപകരിക്കും.

ചുവന്ന കൊടികളുടെ കാലത്ത് നീ മാനിഫെസ്റ്റോ എഴുതി.

നരച്ചു കാവിയാകുന്ന കാലത്ത് അത് മതിയാവില്ലല്ലോ.

വിപ്ലവങ്ങളുടെ ഗുരോ, വിമോചനത്തിന്റ

ഈ പുസ്തകം ഉയർത്തിപ്പിടിക്കൂ.

എങ്ങനെ മികച്ച ഭക്തരാകാമെന്ന് ആഹ്വാനം ചെയ്യൂ.

അവർ ഏറ്റുവിളിച്ചുകൊള്ളും

സർവ്വരാജ്യ വിശ്വാസികളേ സംഘടിക്കുവിൻ!

ഓ, എന്റെ എംഗൽസ്,

എല്ലാ കാലത്തും നീ എനിക്കായി

ജീവിതവും ആനന്ദവും കൊണ്ടുവരുന്നു.

കൊള്ളപ്പലിശക്കാരിൽനിന്നും

ഒറ്റുകാരിൽ നിന്നും എന്നെ രക്ഷിക്കുന്നു.

നിനക്കു ഞാൻ എന്റെ ഭൂമിയും ആകാശവും എഴുതിവെക്കുന്നു.

എന്റെ ചരമോപചാരം ചെയ്യേണ്ടത് നീയാകണം.

അദാനി ചിരിക്കുന്നു.

ഹോ, ദില്ലിയുടെയും നാഗ്പൂരിന്റെയും

ആ സമർപ്പണഭാഷ അതേപോലെ!

ആ പിടിതരാത്ത ജർമ്മൻ ശാഠ്യമില്ല.

ശാഖകളിലെ പ്രാർത്ഥനപോലെ വിശുദ്ധം.

നിനക്കു ചേരും വെള്ളാപ്പള്ളി.

നിന്നെ അഭിവാദ്യം ചെയ്യും ആദിത്യനാഥയോഗി.

ഹോ, എന്തൊരഭിമാനം മാർക്സേ,

ഒരു കയ്യിൽ ഭഗവത് ഗീത.

മറുകയ്യിൽ കാവിച്ചെങ്കൊടി!

നിനക്കൊപ്പം ഞാനൊരു സെൽഫി എടുത്തോട്ടെ.

Related Stories

No stories found.
Times Kerala
timeskerala.com