കൊല്ലം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പരസ്യമായി പുകഴ്ത്തുകയും വോട്ട് അഭ്യർഥിക്കുകയും ചെയ്തതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അബ്ദുൾ അസീസ് കേരള കോൺഗ്രസ് ബിയിൽ ചേരും. ഇന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ തലച്ചിറയിലെ അസീസിന്റെ വീട്ടിലെത്തി അദ്ദേഹത്തെ ഔദ്യോഗികമായി പാർട്ടിയിലേക്ക് ക്ഷണിക്കും.(Leader who was expelled from Congress, to join Kerala Congress B)
ഇന്നലെയാണ് പാർട്ടി വിരുദ്ധ നടപടിയുടെ പേരിൽ അസീസിനെ കോൺഗ്രസ് നേതൃത്വം പുറത്താക്കിയത്. പത്തനാപുരം നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ റോഡ് ഉദ്ഘാടന ചടങ്ങിലായിരുന്നു വിവാദങ്ങൾക്ക് തുടക്കമിട്ട പ്രസംഗം. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറായിരുന്നു ഉദ്ഘാടകൻ.
ചടങ്ങിൽ സംസാരിക്കാൻ അവസരം ലഭിച്ചപ്പോൾ കോൺഗ്രസ് നേതാവായിരുന്ന അബ്ദുൾ അസീസ്, മന്ത്രി ഗണേഷ് കുമാറിനെ "കായ്ഫലമുള്ള മരം" എന്ന് വിശേഷിപ്പിച്ചു. ഇതിനൊപ്പം, "വോട്ട് ചോദിച്ചു വരുന്ന മച്ചി മരങ്ങളെ ജനങ്ങൾ തിരിച്ചറിയണം" എന്നും അദ്ദേഹം തുറന്നടിച്ചു. തുടർന്ന്, സദസ്സിലുള്ളവരെയും വേദിയിലുള്ളവരെയും അമ്പരപ്പിച്ചുകൊണ്ട്, ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കണമെന്ന് അസീസ് വോട്ട് അഭ്യർഥിച്ചു.
പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനെയാണ് 'മച്ചി മരം' എന്ന് ഉദ്ദേശിച്ചതെന്ന അടക്കം പറച്ചിലുകൾ നാട്ടിലാകെ ചർച്ചയായി. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, എൽ.ഡി.എഫ്. മന്ത്രിക്ക് വോട്ട് അഭ്യർഥിച്ച് കോൺഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ ഈ പ്രസംഗം പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കി.
പാർട്ടി വിരുദ്ധ നടപടിയിൽ ഡി.സി.സി. അസീസിനോട് വിശദീകരണം തേടിയിരുന്നു. എന്നാൽ, വിവാദം ശക്തമായതോടെ കോൺഗ്രസ് നേതൃത്വം അടിയന്തരമായി അസീസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കേരള കോൺഗ്രസ് (ബി)യിൽ ചേരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അസീസിന്റെ ഈ രാഷ്ട്രീയമാറ്റം കൊല്ലം കോൺഗ്രസിനും യു.ഡി.എഫിനും വലിയ തിരിച്ചടിയായി കണക്കാക്കപ്പെടുന്നു.