കോഴിക്കോട് : എൽഡിഎഫിന്റെ പലസ്തീൻ ഐക്യദാർഢ്യം ഒക്ടോബർ രണ്ടിന് നടക്കുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുക. മുതലക്കുളം മൈതാനിയിൽ നടക്കുന്ന പരിപാടി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബുഷാവേസ് മുഖ്യാതിഥി ആയിരിക്കും.
യുദ്ധം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം. സാമുദായിക സംഘടന നേതാക്കളെയും പരിപാടിയിലേക്ക് ക്ഷണിക്കും. ആഗോള അയ്യപ്പ സംഗമത്തിന് ബദൽ അല്ല പലസ്തീൻ ഐക്യദാർഢ്യമെന്നും എം മെഹബൂബ് പറഞ്ഞു.
അതേ സമയം, ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അബ്ദുളള മുഹമ്മദ് അബു ഷവേഷുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പലസ്തീന്‍ ജനതയ്ക്ക് മുഖ്യമന്ത്രി ഐക്യദാര്‍ഢ്യം അറിയിച്ചു. കേരളം എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യുഎസ് പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര കൺവെൻഷനുകളും അട്ടിമറിച്ചാണ് പലസ്തീന്റെ ജനാധിപത്യ അവകാശങ്ങൾ ഇസ്രായേൽ നിഷേധിച്ചുപോരുന്നത്. പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തിനൊപ്പമാണ് കേരളം. യുഎൻ പ്രമേയത്തിനനുസൃതമായി കിഴക്കൻ ജറുസലേം തലസ്ഥാനമായിട്ടുള്ള പലസ്തീൻ രാഷ്ട്രം സാധ്യമാക്കുകയും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്‌ഥാപിക്കുകയും ചെയ്യാൻ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും അടിയന്തിരമായി പ്രവർത്തിക്കേണ്ടതുണ്ട് എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.