

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 110 സീറ്റുകൾ എന്ന ലക്ഷ്യം മുൻനിർത്തി സമഗ്രമായ പ്രചാരണ തന്ത്രങ്ങൾക്ക് രൂപം നൽകി ഇടതുമുന്നണി. വികസന നേട്ടങ്ങൾക്കൊപ്പം ശക്തമായ രാഷ്ട്രീയ നിലപാടുകളും ജനങ്ങളിലേക്ക് എത്തിക്കാനാണ് തീരുമാനം. മന്ത്രിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പുതിയ കർമ്മപദ്ധതിക്ക് നിർദ്ദേശം നൽകിയത്.(LDF with AI technology and change of style, changes in election strategy)
സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ പി.ആർ.ഡി (PRD) യുടെ പ്രവർത്തനങ്ങളിൽ പോരായ്മയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, പ്രചാരണ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി പ്രത്യേക മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതിന് ഔദ്യോഗിക രൂപം നൽകും. എഐ (AI) ഉപയോഗിച്ച് സ്മാർട്ട് പ്രചാരണം. സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള നൂതന പ്രചാരണ രീതികൾ അവലംബിക്കും. പാർട്ടി സംവിധാനങ്ങൾക്ക് പുറമെ പ്രൊഫഷണൽ ഏജൻസികളുടെ സേവനവും ഉറപ്പാക്കും. നിലവിലെ സോഷ്യൽ മീഡിയ ഇടപെടലിലെ വിടവ് നികത്തുകയാണ് ലക്ഷ്യം.
തിരഞ്ഞെടുപ്പിന് മുൻപായി എല്ലാ സമുദായങ്ങളുടെയും പിന്തുണ ഉറപ്പാക്കാൻ 'സോഷ്യൽ എൻജിനീയറിങ്' ഫലപ്രദമാക്കും. ലൈഫ് മിഷൻ, സ്ത്രീസുരക്ഷാ പദ്ധതികൾ എന്നിവയുടെ ഗുണഭോക്താക്കളെ നേരിൽ കണ്ട് സ്വാധീനമുറപ്പിക്കും. ബിജെപി ബന്ധമെന്ന പ്രതിപക്ഷ ആരോപണത്തിന് തടയിടാൻ മതനിരപേക്ഷത ഉയർത്തിപ്പിടിച്ചുള്ള പ്രചാരണം ശക്തമാക്കും. ചെറിയ വോട്ടുകൾക്ക് ജയപരാജയങ്ങൾ നിശ്ചയിക്കുന്ന മണ്ഡലങ്ങളിൽ ഇത്തരം ഇടപെടലുകൾ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് കാരണം മുഖ്യമന്ത്രിയുടെ ശൈലിയും പ്രതികരണങ്ങളുമാണെന്ന വിലയിരുത്തലിനെ തുടർന്ന് പ്രവർത്തന ശൈലിയിൽ മാറ്റം വരുത്താൻ പിണറായി വിജയൻ തയ്യാറെടുക്കുന്നു. മാധ്യമങ്ങളുമായി കൂടുതൽ സജീവമായി ഇടപഴകും. പൊതുപ്രതികരണങ്ങളിലും സമീപനത്തിലും മിതത്വവും വിനയവും കൊണ്ടുവന്നുള്ള ഒരു 'മേക്കോവർ' ആണ് ലക്ഷ്യമിടുന്നത്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ പാളിച്ചകൾ പരിഹരിച്ച് കരുത്തോടെ മുന്നേറാനാണ് എൽഡിഎഫ് നീക്കം.