തൃശൂർ: സൂപ്പർഹിറ്റ് സിനിമകളെ വെല്ലുന്ന ആവേശകരമായ ക്ലൈമാക്സാണ് തൃശൂർ പൂമംഗലം പഞ്ചായത്തിലെ രണ്ടാം വാർഡ് ഇത്തവണ കണ്ടത്. ആകെ ഒരു വോട്ടിന്റെ വ്യത്യാസത്തിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിക്ക് അവിശ്വസനീയ വിജയം.(LDF wins by one vote, The result was changed by postal vote)
പോളിങ് ബൂത്തുകളിൽ വോട്ട് എണ്ണിത്തീർന്നപ്പോൾ ബി.ജെ.പി. സ്ഥാനാർത്ഥിക്ക് വ്യക്തമായ മുൻതൂക്കമുണ്ടായിരുന്നു. ബി.ജെ.പി. വോട്ട്: 333, എൽ.ഡി.എഫ്. വോട്ട്: 330 എന്നിങ്ങനെ ആയിരുന്നു. ഈ ഘട്ടത്തിൽ ബി.ജെ.പി. വിജയം ഉറപ്പിച്ചെങ്കിലും, ഫലം നിർണ്ണയിച്ചത് തുടർന്ന് എണ്ണിയ പോസ്റ്റൽ വോട്ടുകളാണ്.
ആകെ പോൾ ചെയ്ത ആറ് പോസ്റ്റൽ വോട്ടുകളാണ് വിധി മാറ്റിയെഴുതിയത്. എൽ.ഡി.എഫിന് ലഭിച്ചത് 4 വോട്ടുകൾ ആണ്. 1 വോട്ട് അസാധുവായി. 1 ബാലറ്റ് പേപ്പറിൽ ആർക്കും വോട്ട് ചെയ്തിരുന്നില്ല. പോസ്റ്റൽ വോട്ടുകൾ കൂടി എണ്ണിക്കഴിഞ്ഞപ്പോൾ എൽ.ഡി.എഫിന്റെ ആകെ വോട്ട് 334 ആയി ഉയർന്നു. ബി.ജെ.പി.യുടെ 333 വോട്ടിനെക്കാൾ ഒരു വോട്ട് കൂടുതൽ.
കഴിഞ്ഞ അഞ്ചു വർഷം പഞ്ചായത്ത് പ്രസിഡന്റായിരുന്ന എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ.എസ്. തമ്പി ആണ് ഒരു വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ചത്. ബി.ജെ.പി. സൗത്ത് ജില്ലാ സെക്രട്ടറി വിപിൻ പാറമേക്കാട്ടിൽ, കെ.എസ്. തമ്പി എന്നിവർ തമ്മിലായിരുന്നു പ്രധാന മത്സരം. പീയൂസ് തൊമ്മാനയായിരുന്നു യു.ഡി.എഫ്. സ്ഥാനാർത്ഥി. സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളിലെ ഏറ്റവും വാശിയേറിയതും അപ്രതീക്ഷിതവുമായ ഫലങ്ങളിലൊന്നാണിത്.