
തിരുവനന്തപുരം: വിവാദ ഫോൺ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ പാലോട് രവി തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു. രാജി കെപിസിസി നേതൃത്വം സ്വീകരിച്ചു. സംസ്ഥാനത്ത് എല്‍ഡിഎഫിന് തുടർഭരണമുണ്ടാകുമെന്ന തന്റെ വിവാദ ഫോൺ സംഭാഷണം പുറത്തുവന്നതിനെ തുടർന്നാണ് പാലോട് രവി രാജിവച്ചത്.പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായുള്ള ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
"തദ്ദേശതിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും. പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പോകും. ഇതോടെ കോൺഗ്രസ് എടുക്കാചരക്കാകും.'-പുറത്ത് വന്ന ഫോൺ സംഭാഷണത്തിൽ പാലോട് രവി പറയുന്നു. നിയമസഭയില്‍ കോൺഗ്രസ് ഉച്ചികുത്തി താഴെവീഴും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് ബിജെപി വോട്ട് പിടിക്കും. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും-എന്നും അദ്ദേഹത്തിന്റെ ഫോൺ സംഭാഷണത്തിൽ പറയുന്നു.