

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 110 സീറ്റുകൾ നേടി ഇടതുമുന്നണി ചരിത്രപരമായ മൂന്നാം മൂഴം ഉറപ്പാക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ നീക്കങ്ങൾ കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം പരിഹസിച്ചു.(LDF will move forward by taking the people into trust, says Binoy Viswam)
തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ കാരണങ്ങൾ മുന്നണി ഗൗരവമായി പഠിക്കും. ആവശ്യമായ തിരുത്തലുകൾ വരുത്തിക്കൊണ്ടാകും ജനങ്ങളെ സമീപിക്കുക. കോൺഗ്രസിനായി സുനിൽ കനഗോലു ആസൂത്രണം ചെയ്യുന്ന തന്ത്രങ്ങൾ വെറും 'പാഴ്ക്കിനാവുകൾ' മാത്രമാണ്. ജനങ്ങളിലുള്ള വിശ്വാസമാണ് മുന്നണിയുടെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.
വികസന നേട്ടങ്ങൾ വോട്ടർമാരിലേക്ക് കൃത്യമായി എത്തുന്നില്ലെന്ന വിലയിരുത്തലിനെത്തുടർന്ന് വിപുലമായ പ്രചാരണം നടത്തും. പ്രതിപക്ഷം ഉയർത്തുന്ന വിവാദങ്ങളെ വികസന നേട്ടങ്ങൾ കൊണ്ട് മറികടക്കുക എന്നതാണ് സ്ട്രാറ്റജി. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തെ കലാപമില്ലാത്ത നാടാക്കി മാറ്റിയതും അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ കൈവരിച്ച നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കും. വർഗീയ ശക്തികൾക്കെതിരെ സർക്കാർ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ മിഷൻ 110-ന്റെ ഭാഗമായി ചർച്ച ചെയ്യും. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള മന്ത്രിമാർ നേരത്തെ തന്നെ ഈ ആത്മവിശ്വാസം പങ്കുവെച്ചിരുന്നു.