

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ പ്രധാന വാർഡുകളിൽ ഒന്നായ പേരൂർക്കടയിൽ , വികസനത്തിന്റെ തുടർ ഭരണം ലക്ഷ്യമിട്ട് എൽഡിഎഫിനായി യുവ നേതാവ് വിനീത് വി. ജിയെ കളത്തിലിറക്കി സിപിഐഎം. കഴിഞ്ഞ അഞ്ചു വർഷ കാലയളവിൽ പേരൂർക്കട വാർഡിൽ മാതൃകപരമായ വികസന പ്രവർത്തനങ്ങൾ നടത്തുവാൻ സാധിച്ചു എന്ന ആത്മവിശ്വാസത്തിലാണ് വിനീത് ജനവിധി തേടുന്നത്. പേരൂർക്കട വാർഡ് രൂപീകരണം മുതൽ എൽഡിഎഫിന്റെ വാർഡാണ് പേരൂർക്കട, മുൻപ് ഭരണത്തിലുണ്ടായിരുന്ന കൗൺസിലർമാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയും പുതിയ പദ്ധതികകളുമാണ് ഇനി നടപ്പാക്കാനുള്ളതെന്നാണ് വിനീത് പറയുന്നത്.
പൊതുപ്രവർത്തന രംഗത്ത് ബാലസംഘം, എസ്എഫ്ഐ എന്നിവയിലൂടെ സജീവമായ വിനീത്, നിലവിൽ ഡിവൈഎഫ്ഐ പേരൂർക്കട മേഖല സെക്രട്ടറി, കർഷക സംഘം മേഖല കമ്മറ്റി അംഗം, പാർട്ടി ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്. വികെ പ്രശാന്ത് എംഎൽഎയുടെ ഫണ്ട് അടക്കം സംസ്ഥാന സർക്കാരും നഗരസഭയും നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങൾ പേരൂർക്കട വാർഡിലും കാര്യക്ഷമമായി എത്തിക്കാൻ കഴിഞ്ഞു എന്നും വിനീത് പറയുന്നു. മികച്ച റോഡുകൾ, കാര്യക്ഷമമായ മാലിന്യനിർമാർജനം ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാനസൗകര്യങ്ങളും വാർഡിൽ ഉറപ്പാക്കിയിട്ടുണ്ട്. എംഎൽഎയുടെ വികസന ഫണ്ടിൽ നിന്നും 240 കോടിയുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാണ് പേരൂർക്കട വാർഡ്.
പേരൂർക്കടയിലെ മാനസിക ആരോഗ്യകേന്ദ്രം, പൊതു വിപണി, പേരൂർക്കട ജംഗ്ഷൻ വികസനം, കുടിവെള്ള പദ്ധതികൾ എന്നിവ ഉൾപ്പെടെ കഴിഞ്ഞ കാലയളവിൽ വികസനത്തിന്റെ തേരോട്ടം തന്നെയാണ് പേരൂർക്കട വാർഡിൽ എൽഡിഎഫ് കാഴ്ചവച്ചത്. ഇത് ജനങ്ങൾ മനസിലാക്കിയ വസ്തുതയാണെന്ന ആത്മവിശ്വാസവും സ്ഥാനാർത്ഥി പ്രകടിപ്പിച്ചു. മാത്രമല്ല , കോവിഡ് കാലത്തും, പ്രളയ കാലത്തും വാർഡിൽ നടത്തിയ പ്രവർത്തനങ്ങളും സ്ഥാനാർഥി എന്ന നിലയിൽ തന്നെ ജനങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കും എന്ന് തന്നെയാണ് വിനീത് വ്യക്തമാക്കുന്നത്.
വികസന തുടർച്ചയ്ക്കായി ജനങ്ങൾ തനിക്കൊപ്പം തന്നെ നിൽക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് വിനീത് വി. ജി. പ്രചാരണത്തിലുടനീളം ജനങ്ങൾ നൽകിയ ഊഷ്മളമായ സ്വീകരണം വികസന തുടർച്ചക്ക് അനുകൂലമായ ജനവിധിയാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷ ജനാതിപത്യ മുന്നണിയും.