ആലപ്പുഴ : വസ്തു തർക്കത്തിന്റെ പേരിൽ ബന്ധുവിനെ കൊലപ്പെടുത്തിയ അഭിഭാഷകന് ജീവപര്യന്തം തടവ് ശിക്ഷ.മണ്ണഞ്ചേരി പഞ്ചായത്ത് വരകാടിവെളി കോളനി സുദർശനെ (62) കൊന്നകേസിൽ അഭിഭാഷകൻ മഹേഷിനെയാണ് (40) ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി-രണ്ട് ശിക്ഷിച്ചത്.
തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും പ്രതി ഒടുക്കണം.ആക്രമണത്തിൽ സുദർശനന്റെ മകന്റെ കൈയൊടിച്ചതിന് മൂന്നുവർഷവും 25,000 രൂപയും പിഴയും മകളെ പരിക്കേൽപിച്ചതിന് രണ്ടുവർഷവും തടവും പ്രതി അനുവഭിക്കണം.
2020 സെപ്തംബർ 29 നായിരുന്നു കേസിനാസ്പദമായ സംഭവം. സുദർശനന്റെ മകൻ സുമേഷും ഭാര്യയും മക്കളും കോളനിയിലെ നാല്സെന്റ് സ്ഥലത്ത് ഷെഡ് കെട്ടിയാണ് താമസിച്ചത്. പ്രളയത്തിൽ ഇത് തകർന്നതോടെ താമസം മാറി. നേരത്തെ താമസിച്ച സ്ഥലത്ത് പ്രതി ഷെഡ് പണിയുന്നതറിഞ്ഞ് സുദർശനനും മക്കളും എത്തിയതോടെ തർക്കമായി.
തുടർന്ന് മഹേഷ് ഇരുമ്പ് വടി കൊണ്ട് ആക്രമിച്ചു. തലയ്ക്ക് പരിക്കേറ്റ സുദർശനൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. ആക്രമണത്തിൽ സുമേഷിന്റെ ഇടതു കൈയ്യുടെ അസ്ഥി ഒടിഞ്ഞു തൂങ്ങി. സുവർണ്ണയ്ക്കും സുസ്മിതയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇവർക്കൊപ്പം ഉണ്ടായിരുന്ന സുവർണ്ണയുടെ 14 വയസ്സുളള മകൾ ഓടി രക്ഷപെട്ടു.
കൊലപാതകം നടക്കുന്ന സമയത്ത് പ്രതിയായ മഹേഷ് കോഴിക്കോട് ലോകോളജിൽ നിയമവിദ്യാര്‍ത്ഥിയായിരുന്നു. കേസിൽ ജാമ്യമെടുത്തശേഷം പഠനംപൂർത്തിയാക്കി അഭിഭാഷകനായി കോഴിക്കോട് പ്രാക്ടീസ് ചെയ്തിരുന്നു.കോഴിക്കോട് നിയമ പഠനം നടത്തുമ്പോൾ മറ്റൊരു കൊലപാത ശ്രമ കേസിലും പ്രതിയായിട്ടുണ്ട്.