ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഇരിക്കെ ക്രൂരകൃത്യം: പിതാവിനെ വെട്ടിക്കൊന്ന് അഭിഭാഷകൻ, അമ്മയ്ക്ക് ഗുരുതര പരിക്ക്, കയർ ഉപയോഗിച്ച് പ്രതിയെ കീഴടക്കി പോലീസ് | Lawyer

നവജിത്താണ് (30) മാതാപിതാക്കളെ വെട്ടിയത്.
ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഇരിക്കെ ക്രൂരകൃത്യം: പിതാവിനെ വെട്ടിക്കൊന്ന് അഭിഭാഷകൻ, അമ്മയ്ക്ക് ഗുരുതര പരിക്ക്, കയർ ഉപയോഗിച്ച് പ്രതിയെ കീഴടക്കി പോലീസ് | Lawyer
Updated on

ആലപ്പുഴ: ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കാനിരിക്കെ, മകൻ പിതാവിനെ വെട്ടിക്കൊന്നു. കായംകുളത്ത് ഇന്നലെ രാത്രി 8.30-ഓടെയായിരുന്നു സംഭവം. കായംകുളം എരുവ ആറുതൈക്കൽ നടരാജനാണ് (63) കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അമ്മ സിന്ധുവിനെ (48) മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Lawyer hacks father to death, mother seriously injured)

മാവേലിക്കര കോടതിയിലെ അഭിഭാഷകനായ മകൻ നവജിത്താണ് (30) പിതാവിനെ വെട്ടുകത്തികൊണ്ട് വെട്ടിക്കൊന്നത്. ഇന്നലെ രാത്രി 8.30-ഓടെ മാതാപിതാക്കളുമായി നവജിത്തിനുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള കുടുംബമാണ് ഇവരുടേതെന്നും, സാമ്പത്തിക പ്രതിസന്ധിയൊന്നും ഇല്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. മാതാപിതാക്കളും മകനും തമ്മിലുള്ള കുടുംബപ്രശ്നങ്ങളാണ് അക്രമത്തിന് പിന്നിലെന്ന് പ്രദേശവാസികൾ സൂചന നൽകുന്നു.

മാതാപിതാക്കളെ വെട്ടിയ ശേഷം വീടിന്റെ മുകളിലത്തെ നിലയിൽ നിലയുറപ്പിച്ച പ്രതി നവജിത്തിനെ പോലീസ് അതിസാഹസികമായാണ് കീഴടക്കിയത്. നിലവിളി കേട്ട് പ്രദേശവാസികൾ എത്തിയപ്പോൾ ചോരപുരണ്ട വെട്ടുകത്തിയുമായി നവജിത്ത് വീടിനു പുറത്ത് നിൽക്കുകയായിരുന്നു. വീടിനുള്ളിൽ കയറിനോക്കിയപ്പോഴാണ് നടരാജനും സിന്ധുവും രക്തം വാർന്നുകിടക്കുന്നതു കണ്ടത്.

സ്ഥലത്തെത്തിയ പോലീസ്, കയർ ഉപയോഗിച്ച് വരിഞ്ഞുമുറുക്കിയാണ് പ്രതിയെ കീഴടക്കിയത്. സംഭവം അറിഞ്ഞ് സ്ഥലത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടി. ജനക്കൂട്ടം അക്രമാസക്തരായതോടെ, വീടിനു പിൻവശത്തെ വാതിലിലൂടെയാണ് പോലീസ് പ്രതിയെ കൊണ്ടുപോയത്. സംഭവസമയത്ത് നവജിത്തിന്റെ സഹോദരങ്ങളായ നിധിൻരാജ്, നിധിമോൾ എന്നിവർ സ്ഥലത്തുണ്ടായിരുന്നില്ല.

Related Stories

No stories found.
Times Kerala
timeskerala.com