

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി ഹൈക്കോടതിയെ സമീപിച്ചു. കോടതി നടപടികൾക്കിടെ ജഡ്ജി തന്നെ വ്യക്തിപരമായി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ ഹർജി നൽകിയിരിക്കുന്നത്.
കേസ് പരിഗണിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ജഡ്ജി ഹണി എം. വർഗീസ് നടത്തിയ പരാമർശങ്ങളാണ് പരാതിക്ക് ആധാരം. ടി.ബി. മിനി കോടതിയിൽ വിരളമായി മാത്രമേ ഹാജരാകാറുള്ളൂവെന്നും, ഹാജരാകുമ്പോൾ തന്നെ കോടതിയിൽ ഉറങ്ങുന്നതാണ് പതിവെന്നും ജഡ്ജി വിമർശിച്ചിരുന്നു. കോടതിയെ വിശ്രമസ്ഥലമായാണ് അഭിഭാഷക കാണുന്നതെന്നും എന്നിട്ട് പുറത്തുപോയി കോടതിക്കെതിരെ സംസാരിക്കുകയാണെന്നും ജഡ്ജി തുറന്നടിച്ചിരുന്നു. ഈ പരാമർശങ്ങൾ മാധ്യമങ്ങൾ വലിയ രീതിയിൽ റിപ്പോർട്ട് ചെയ്തതോടെയാണ് അഭിഭാഷക നിയമനടപടിയിലേക്ക് നീങ്ങിയത്.
അതിജീവിതയുടെ അഭിഭാഷകരെ പരസ്യമായി അപമാനിക്കുന്നത് വിചാരണ കോടതി ജഡ്ജിയുടെ പതിവ് രീതിയാണെന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ടി.ബി. മിനി ആരോപിക്കുന്നു. മറ്റൊരു കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്ന വേളയിൽ ഹാജരാകാതിരുന്ന തന്നെക്കുറിച്ച് ഇത്തരത്തിൽ പരാമർശം നടത്തിയത് നീതിയുക്തമല്ലെന്നും ഹർജിയിൽ പറയുന്നു. കേസിൽ വാദം കേൾക്കുന്നതിനിടെ അഭിഭാഷക ഹാജരാകാത്തത് ശ്രദ്ധയിൽപ്പെട്ടപ്പോഴായിരുന്നു ജഡ്ജി രൂക്ഷവിമർശനം ഉന്നയിച്ചത്.
വിചാരണ കോടതി ജഡ്ജിയും അഭിഭാഷകയും തമ്മിലുള്ള ഈ പോര് നടിയെ ആക്രമിച്ച കേസിന്റെ തുടർന്നുള്ള നടപടികളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.