'ടെൻഷൻ വരുമ്പോൾ മനസ് തുറന്ന് ചിരിക്കാം': MV ഗോവിന്ദനെ പരിഹസിച്ച് K മുരളീധരൻ | MV Govindan

മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു
Laughable, K Muraleedharan mocks MV Govindan
Updated on

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനകളെ പരിഹസിച്ച് കെ. മുരളീധരൻ. രാഷ്ട്രീയത്തിൽ ടെൻഷൻ വരുമ്പോൾ മനസ്സ് തുറന്ന് ചിരിക്കാൻ ഗോവിന്ദൻ മാഷിന്റെ ഒന്ന് രണ്ട് ഡയലോഗുകൾ കേട്ടാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. 100 സീറ്റിൽ യുഡിഎഫ് തോൽക്കുമെന്ന ഗോവിന്ദന്റെ പ്രവചനം യഥാർത്ഥത്തിൽ എൽഡിഎഫിന്റെ കാര്യത്തിലാണെന്നും മുരളീധരൻ പരിഹസിച്ചു.(Laughable, K Muraleedharan mocks MV Govindan)

വട്ടിയൂർക്കാവിൽ മാത്രമേ മത്സരിക്കൂ എന്ന് കെ. സുരേന്ദ്രൻ പറയുന്നതും, നേമത്ത് വി. ശിവൻകുട്ടി മത്സരിക്കില്ല എന്ന് കേൾക്കുന്നതും തമ്മിൽ ഒരു 'അന്തർധാര' ഉണ്ടെന്ന് മുരളീധരൻ ആരോപിച്ചു. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ധാരണയാണിതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

മുന്നണിയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ആരുടെയും മുന്നിൽ വാതിൽ കൊട്ടിയടക്കില്ല. എന്നാൽ ആരുടെയും പിറകെ പോയി ആരെയും യുഡിഎഫിലേക്ക് ക്ഷണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടിലെ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സമയം നോക്കി നിശ്ചയിക്കും. തിരഞ്ഞെടുപ്പിന് മുമ്പ് പണി തീർക്കാനാണ് ലക്ഷ്യം. സർക്കാരിന്റെ പണി ഈ അടുത്ത കാലത്തൊന്നും തീരില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന കാര്യവും മണ്ഡലവും പാർട്ടി തീരുമാനിക്കും. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇത്തവണ വലിയ തർക്കങ്ങൾ ഉണ്ടാകില്ലെന്നും ഈ മാസം 15-ഓടെ സീറ്റുകളുടെ കാര്യത്തിൽ ഏകദേശ രൂപമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നണിയിൽ സീറ്റുകൾ സംബന്ധിച്ച് മുസ്‌ലിം ലീഗുമായി വിട്ടുവീഴ്ചകൾ ഉണ്ടാകാറുണ്ടെന്നും ഇത്തവണയും അത് സുഗമമായി നടക്കുമെന്നും മുരളീധരൻ പ്രത്യാശ പ്രകടിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com