ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഗൗരവമായ വായനയെ ജനകീയമാക്കി : മന്ത്രി സജി ചെറിയാൻ

Project to rebuild sea shore at Vizhinjam
Language Institute
Published on

ഗൗരവമായ വായനയെ ജനകീയമാക്കുന്നതിനും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തെ ജനാധിപത്യവൽകരിക്കുന്നത്തിനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മികച്ച സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന വൈജ്ഞാനിക കൃതികൾ സർവകലാശാലാ ഉപയോഗത്തിന് നിലവാരമുള്ളവയാണ്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകം - 'ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ കേരളം' യൂണിവേഴ്‌സിറ്റി കോളേജ് ഹാളിൽ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി.

കൊളോണിയൽ ആധിപത്യം കേരളത്തിൽ സൃഷ്ടിച്ച സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ പ്രത്യാഘാതങ്ങളെയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കേരളത്തിൽ ഉയർന്നു വന്ന സാമൂഹിക - രാഷ്ട്രീയ മുന്നേറ്റങ്ങളെയും ആഴത്തിൽ വിലയിരുത്തുന്ന ചരിത്രപുസ്തകമാണ് 'ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ കേരളം'. സ്വാതന്ത്ര്യം ലഭിച്ചതിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യ സമരചരിത്രത്തിലെ കേരളം തയാറാക്കാനുള്ള പദ്ധതി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആവിഷ്‌കരിച്ചത്. സർക്കാർ അത് ഗൗരവമായി പരിഗണിച്ച് പ്രത്യേക പദ്ധതി എന്ന നിലയിൽ ധനസഹായം അനുവദിക്കുകയായിരുന്നു.

ഇന്ത്യയിലെ എല്ലാ സാമൂഹിക ജനവിഭാഗങ്ങളും വിവിധ നിലകളിൽ അണിനിരന്ന അതിബൃഹത്തായ സാമൂഹിക രാഷ്ട്രീയ മുന്നേറ്റമായിരുന്നു സമാനതകളില്ലാത്ത ഇന്ത്യൻ സ്വാതന്ത്ര്യ സമരം. ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുള്ള വിമോചനപ്പോരാട്ടങ്ങളിൽ ഒന്നുകൂടിയാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം. ഇന്ത്യൻ സ്വാതന്ത്ര്യസമരം മുന്നോട്ടു വച്ച മഹത്തായ ആശയങ്ങൾ വെല്ലുവിളിക്കപ്പെടുകയും സ്വാതന്ത്ര സമരത്തെക്കുറിച്ചുള്ള തെറ്റായ ചരിത്രപാഠങ്ങൾ നിർമ്മിക്കുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരുന്ന വർത്തമാനകാലത്ത് ഈ പുസ്തകം ചരിത്ര വിദ്യാർത്ഥികൾക്കും പൊതുവായനക്കാർക്കും ഒരേപോലെ പ്രയോജനകരമാകുമെന്ന് മന്ത്രി പറഞ്ഞു.

പ്രശസ്ത ചരിത്രകാരനായ ഡോ. കെ.എൻ ഗണേഷിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പുസ്തകം തയാറാക്കിയത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ കേരളീയ പാഠങ്ങളെ എട്ട് അദ്ധ്യായങ്ങളിലൂടെ വിശകലനാത്മക രീതിയിലാണ് പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ. സന്തോഷ് കുമാർ കെ ആർ പുസ്തകം ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ ഡോ. കെ.എൻ. ഗണേഷ് മുഖ്യപ്രഭാഷണം നടത്തി.

Related Stories

No stories found.
Times Kerala
timeskerala.com