കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ വീണ്ടും അപകട ഭീഷണി. കഴിഞ്ഞ ദിവസം മണ്ണിടിച്ചിൽ ഉണ്ടായ അതേ ഇടത്ത് വീണ്ടും പാറക്കഷ്ണങ്ങൾ ഇടിഞ്ഞു വീണു. മണ്ണിടിച്ചിൽ നടക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു. (Landslide in Thamarassery Churam)
താമരശ്ശേരി ഡി വൈ എസ് പി സുഷീർ ആണ് ഇക്കാര്യം അറിയിച്ചത്. അടിവാരത്തും, ലക്കിടിയിലും വാഹനങ്ങൾ തടയും. കോഴിക്കോട് നിന്നും വായനാട്ടിലേക്കുള്ള വാഹനങ്ങൾ പൊലീസ് കുറ്റ്യാടി വഴി തിരിച്ചു വിടുകയാണ്. മലപ്പുറത്ത് നിന്നും വയനാട്ടിലേക്ക് പോകുന്നവർ നാടുകാണി ചുരം വഴി പോകണം.
മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് താമരശേരി ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചത്. ഇവിടെ വീണ്ടും പാറക്കഷണങ്ങൾ ഇടിഞ്ഞു വീണിരിക്കുകയാണ്. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയിന്‍റിന് സമീപം തന്നെയാണ് സംഭവം. ഇരു ഭാഗത്തും വാഹനങ്ങൾ പോകുന്നതിനിടെയാണ് പാറക്കഷ്ണം വന്നു വീണത്. ഇത് ഒരു വാഹനത്തിൻ്റെ തൊട്ട് സമീപത്തായാണ് പതിച്ചത്. ചുരത്തിൽ നേരിയ മഴ പെയ്യുന്നുണ്ട്. ഇതിനിടയിലും വാഹനങ്ങൾ കടന്ന് പോവുകയാണ്. ഇന്നലെ രാത്രി 8.45ഓടെയാണ് ഇവിടെ ഗതാഗതം പുനഃസ്‌ഥാപിച്ചത്.