ഇടുക്കി: അടിമാലിയിൽ മണ്ണിടിച്ചിലിൽ ജീവഹാനി സംഭവിച്ച പശ്ചാത്തലത്തിൽ, ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് ഉത്തരവിട്ടു. മണ്ണിടിച്ചിൽ ദുരന്ത സാധ്യതയുള്ള എൻഎച്ച് 85 ലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനായി പ്രത്യേക ടീമിനെ രൂപീകരിച്ചു.(Landslide in Adimali, Order to temporarily halt construction of national highway)
ദേശീയപാത 85-ലെയും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെയും മണ്ണിടിച്ചിൽ ദുരന്ത സാധ്യതയുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പഠന റിപ്പോർട്ട് ലഭ്യമാകുന്നതുവരെ നിർത്തിവയ്ക്കാനാണ് ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർക്ക് കളക്ടർ നിർദേശം നൽകിയിരിക്കുന്നത്. അതേസമയം, റോഡുകളിലും വീടുകളിലും ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യുന്നതിന് ഉത്തരവിൽ അനുമതി നൽകിയിട്ടുണ്ട്.
ജില്ലാ ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫീസർ, ഗ്രൗണ്ട് വാട്ടർ വകുപ്പ് ജില്ലാ ഓഫീസർ, പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, ദേശീയപാത അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ദേവികുളം തഹസിൽദാർ എന്നിവരടങ്ങുന്ന സംഘമാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും നാല് ദിവസത്തിനകം വിശദമായ റിപ്പോർട്ടും സമർപ്പിക്കാനാണ് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുള്ളത്.
കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറയിലെ ലക്ഷം വീട് കോളനി ഭാഗത്ത് ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ബിജു എന്ന യുവാവിനാണ് ജീവൻ നഷ്ടപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ സന്ധ്യ ആലുവ രാജഗിരി ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ്.
സന്ധ്യയുടെ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാൽമുട്ടിന് താഴോട്ട് എല്ലുകളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞ നിലയിലാണെന്ന് രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേൽ അറിയിച്ചു. ഒമ്പത് മണിക്കൂറോളം ഇടതുകാലിൽ രക്തയോട്ടം നിലച്ചിരുന്നു. ഇടതുകാൽ മുറിച്ചുമാറ്റാതിരിക്കാൻ സാധ്യമായ എല്ലാ ചികിത്സയും നൽകുന്നുണ്ട്. വലതുകാലിലെ മസിലുകൾക്ക് ചതവുണ്ടെങ്കിലും രക്തയോട്ടം നിലച്ചിട്ടില്ല. ശരീരത്തിലെ മറ്റ് ആന്തരികാവയവങ്ങൾക്ക് കേടുപാടില്ല. രക്തയോട്ടം നിലച്ചത് ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ ആവശ്യമായ നിരീക്ഷണവും ചികിത്സയും നൽകുന്നുണ്ട്. അർദ്ധബോധാവസ്ഥയിലാണ് സന്ധ്യയെ ആശുപത്രിയിൽ എത്തിച്ചത്. ഭർത്താവ് മരിച്ച വിവരം ഇതുവരെ സന്ധ്യയെ അറിയിച്ചിട്ടില്ല.