ഇടുക്കി: അടിമാലി കൂമ്പൻപാറ ലക്ഷംവീട് ഉന്നതിയിൽ വൻ ദുരന്തം ഒഴിവായത് അധികൃതരുടെ സമയബന്ധിത ഇടപെടൽ മൂലം. അപകടാവസ്ഥ കണക്കിലെടുത്ത് ഇന്നലെ രാവിലെ 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്. മണ്ണിടിച്ചിലിൽ വീട് തകർന്ന് കുടുങ്ങിയ ദമ്പതിമാരിൽ ബിജു (48) മരിച്ചു; ഗുരുതരമായി പരിക്കേറ്റ ഭാര്യ സന്ധ്യ (42) ചികിത്സയിലാണ്.(Landslide in Adimali, Locals accused unscientifical extraction of soil for the construction of the national highway)
ദേശീയപാതക്ക് വേണ്ടി അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രദേശവാസികളുടെ പ്രധാന ആരോപണം. ഏതാണ്ട് പന്ത്രണ്ടോളം വീടുകൾക്ക് മേൽ മണ്ണിടിഞ്ഞ് വീണതായാണ് നാട്ടുകാർ നൽകുന്ന വിവരം. ഇതിൽ ആറ് വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഈ മേഖലയിൽ പലതവണ മണ്ണിടിച്ചിലുണ്ടാവുകയും, ദേശീയപാതക്കായി മണ്ണ് മാറ്റിയ സ്ഥലത്ത് വലിയ വിള്ളൽ രൂപപ്പെടുകയും ചെയ്തിരുന്നു. ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി അശാസ്ത്രീയമായി വൻതോതിൽ മണ്ണ് നീക്കിയത് അപകടഭീഷണി ഉയർത്തുന്നുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
രേഖകളെടുക്കാൻ വന്ന ദമ്പതികൾ അപകടത്തിൽ
മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് റവന്യൂ അധികൃതരുടെ കർശന നിർദ്ദേശത്തെത്തർന്നാണ് ലക്ഷംവീട് ഉന്നതിയിലെ കുടുംബങ്ങളെ സമീപത്തെ സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി മുൻകരുതൽ നടപടി സ്വീകരിച്ചത്. ക്യാമ്പിലായിരുന്നിട്ടും, പ്രധാനപ്പെട്ട രേഖകൾ എടുക്കുന്നതിനായി വീട്ടിലെത്തിയ ദമ്പതികളായ ബിജുവും സന്ധ്യയുമാണ് ദുരന്തത്തിനിരയായത്.
ഇന്നലെ രാത്രി പത്തുമണിക്ക് ശേഷമാണ് അപകടമുണ്ടായത്. മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ഇരുവരും കോൺക്രീറ്റ് പാളികൾക്ക് ഇടയിൽ കുടുങ്ങി. രാത്രിയിൽ ആറ് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബിജുവിനെയും സന്ധ്യയെയും പുറത്തെത്തിക്കാനായത്. ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച സന്ധ്യയെ, പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ബിജുവിനെ രക്ഷിക്കാനായില്ല.
അപകടം നടന്ന സ്ഥലത്ത് ദേശീയപാതക്കായി വീതികൂട്ടുന്ന പ്രവർത്തികൾ പുരോഗമിക്കുകയായിരുന്നു. മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് മൂന്ന് ദിവസമായി ഈ വഴിയുള്ള ഗതാഗതവും നിരോധിച്ചിരുന്നു. നാട്ടുകാരുടെ പരാതി പരിശോധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.