തൃശൂർ: മേയർ പദവി കോൺഗ്രസ് നേതൃത്വം പണം വാങ്ങി വിറ്റെന്ന ലാലി ജെയിംസിന്റെ ആരോപണത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി തൃശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്. പണമില്ലാത്തതിനാലാണ് തന്നെ തഴഞ്ഞതെന്ന ലാലിയുടെ വാദം തെറ്റാണെന്നും, നാല് തവണ അവരെ കൗൺസിലറാക്കിയത് അവർ പണം നൽകിയിട്ടാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Lali's claim is wrong, Thrissur DCC responds to the allegations)
കെപിസിസിയുടെ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് മേയർ സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. പാർലമെന്ററി പാർട്ടി യോഗം ചേരുകയും മുതിർന്ന നേതാക്കളോടും എല്ലാ കൗൺസിലർമാരോടും സംസാരിക്കുകയും ചെയ്ത ശേഷമാണ് ഡോ. നിജി ജസ്റ്റിനെ നിശ്ചയിച്ചതെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു.
പാവപ്പെട്ടവരായത് കൊണ്ടാണ് തഴഞ്ഞതെന്ന ലാലിയുടെ വാദത്തെ അദ്ദേഹം പരിഹസിച്ചു. ലാലി ജെയിംസ് പാവപ്പെട്ടവളായിട്ടും നാല് തവണ കൗൺസിലറാക്കിയത് കോൺഗ്രസിന്റെ നിലപാട് പാവപ്പെട്ടവർക്കൊപ്പമായത് കൊണ്ടാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകൾ നടത്തിയ സാഹചര്യത്തിൽ, ലാലിയുടെ പരാമർശങ്ങൾ ഗൗരവമായി പരിശോധിക്കും. തുടർ നടപടികൾ കെപിസിസിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും 'പെട്ടിയുമായി' എഐസിസി നേതാക്കളെ കണ്ട് പദവി ഉറപ്പിക്കുകയായിരുന്നു എന്ന് ലാലി ജെയിംസ് ആരോപിച്ചിരുന്നു. തന്റെ കൈവശം പണമില്ലാത്തതിനാൽ അർഹതപ്പെട്ട പദവി വിൽക്കുകയായിരുന്നു എന്നും അവർ മാധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തിയത് കോൺഗ്രസിനെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു.