കൊച്ചി- ഗ്രീക്ക്, പേര്‍ഷ്യന്‍ രുചികളുമായി കൈറ ഹൈ എനര്‍ജി പ്രീമിയം റെസ്‌റ്റോറന്റ് കൊച്ചി ഹോളിഡേ ഇന്നില്‍ പ്രവർത്തനമാരംഭിച്ചു. കൈറയുടെ വരവോടെ വൈവിധ്യമാര്‍ന്ന ഭക്ഷണ പാനീയങ്ങളോടെ കൊച്ചിയുടെ രാപകലുകള്‍ കൂടുതല്‍ വര്‍ണ്ണാഭമാകും.
ഉദ്ഘാടനച്ചടങ്ങില്‍ പ്രശസ്ത തമിഴ് നടൻ ആര്യ, നടിമാരായ അദിതി രവി, നയൻതാര ചക്രവർത്തി, ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും ചെയര്‍മാനുമായ ഗോകുലം ഗോപാലന്‍, മാനേജിംഗ് ഡയറക്ടര്‍ ബൈജു ഗോപാലന്‍, വൈസ് ചെയര്‍മാന്‍ പ്രവീണ്‍ എന്നിവരും സമൂഹത്തിന്റെ വിവിധ തുറകളിലെ വിശിഷ്ടാതിഥികളും പങ്കെടുത്തു. പേര്‍ഷ്യന്‍, മിഡിലീസ്റ്റ് രുചികളില്‍ പ്രാവീണ്യമുള്ള ഷെഫ് സുബിമോനാണ് പ്രധാന ഷെഫ്.
എണ്ണായിരം ചതുരശ്ര അടിയില്‍ സജ്ജമാക്കിയിരിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇന്റര്‍ നാഷണല്‍ സ്‌പെഷ്യാലിറ്റി റസ്റ്റോറന്റായ കൈറയിൽ വിസ്തൃതമായ ഓപ്പണ്‍ ഏരിയ, വിശാലമായ ഇരിപ്പിട സൗകര്യം, നവീനമായ സ്വകാര്യ ഡൈനിംഗ് ഏരിയ തുടങ്ങി നിരവധി പ്രത്യേകതകളുണ്ട്. പേര്‍ഷ്യന്‍, മെഡിറ്ററേനിയന്‍ സംസ്‌കാരങ്ങളുടെ സംഗമ കേന്ദ്രമായ കൊച്ചിയുടെ സാംസ്‌കാരിക പൈതൃകമാണ് കൈറയുടെ പ്രചോദനമെന്ന് ഹോളിഡേ ഇന്‍ ജനറല്‍ മാനേജര്‍ ഫിനോ ബാബു പറഞ്ഞു. എന്നും പുതിയ അഭിരുചികള്‍ സ്വാഗതം ചെയ്തിട്ടുള്ള കൊച്ചിയിലെ ഏറ്റവും പ്രധാനപ്പെട്ട ഡൈനിംഗ് ഡെസ്റ്റിനേഷനായിരിക്കും കൈറയെന്നും അദ്ദേഹം പറഞ്ഞു.