
സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബജറ്റ് ടൂറിസം യാത്ര പദ്ധതിയുടെ ഭാഗമായി, ഗൾഫ് ഡെസേർട്ട് സഫാരിക്ക് സമാനമായി ,കുട്ടനാട് സഫാരി' ആരംഭിക്കുന്നു. ഇതിന് മുന്നോടിയായി ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ
മുഹമ്മ ഗ്രാമപഞ്ചായത്തിലെ പാതിരമണൽ ദ്വീപ് സന്ദർശിച്ചു. കുട്ടനാടിന്റെ മുഴുവൻ മനോഹാരിതയും ഒറ്റ ബോട്ട് യാത്രയിൽ ആസ്വദിക്കാവുന്ന വിധം ഗൾഫ് രാജ്യങ്ങളിലെ ഡെസേർട്ട് സഫാരിക്ക് തത്തുല്യമായിട്ടായിരിക്കും ഈ പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.
കുട്ടനാട് ഒരുപാട് കലാരൂപങ്ങളുടെയും പാട്ടുകളുടെയും സംസ്‌കാരകേന്ദ്രമാണ്. ഇതെല്ലാം കാണുന്നതിനും അടുത്തറിയുന്നതിനും ഈ പാക്കേജിലൂടെ സാധ്യമാകും. ആലപ്പുഴയിൽ നിന്ന് ആരംഭിക്കുന്ന യാത്രയുടെ ഭാഗമായി ലഘുഭക്ഷണം, കള്ളുഷാപ്പിൽ നിന്നും ചെത്ത് കള്ള്, ഉച്ചഭക്ഷണം എന്നിവയെല്ലാം വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാം. കൂടാതെ ചിത്രകാരൻ ലൈവായി വിനോദസഞ്ചാരികളുടെ ചിത്രങ്ങളും വരച്ച് നൽകും. ആലപ്പുഴയുടെ കയർ പിരിത്തവും ഓല മെടയുന്നതും എല്ലാം കാണുന്നതിനും സ്വന്തമായി ചെയ്യുന്നതിനും സഞ്ചാരികൾക്ക് അവസരം ലഭിക്കും. കൂടാതെ ഓലകൊണ്ടുള്ള പന്ത്, തൊപ്പി എന്നിവയും അവർക്കായി തത്സമയം നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ഈ യാത്ര വൈകിട്ട് നാല് മണിയോടെ പാതിരമണലിൽ എത്തും. വേമ്പനാട് കായലിലെ ദ്വീപിൽ പുല്ലും മുളയും കൊണ്ട് നിർമ്മിച്ച ആംഫി തിയേറ്ററും പഞ്ചായത്തിന്റെ സഹകരണത്തോടെ പൂർത്തിയാക്കും. തിയേറ്ററിന്റെ സ്‌പോൺസർഷിപ്പിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി സംസാരിച്ചിട്ടുണ്ടെന്നും അതിനായി പ്രൊപ്പോസൽ കൈമാറിയതായും മന്ത്രി പറഞ്ഞു.
തിയേറ്ററിൽ പുതുതലമുറക്ക് സുപരിചിതമല്ലാത്ത നാട്ടിൻ പുറങ്ങളിൽ സജീവമായിരുന്ന നാടൻ കലാരൂപങ്ങൾ അവതരിപ്പിക്കും. ഒന്നേകാൽ മണിക്കൂറോളം വൈവിധ്യമായ ആറോളം കലാരൂപങ്ങൾ അവതരിപ്പിക്കും.
ഓരോ ദിവസവും വ്യത്യസ്തമായ കലാരൂപങ്ങളായിരിക്കും അരങ്ങേറുക. ഇത് നിരവധി കലാകാരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. നമ്മുടെ രാജ്യത്തിനും സംസ്ഥാനത്തിനും പുറത്ത് നിന്ന് വരുന്ന വിനോദസഞ്ചാരികൾക്ക് നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ അടുത്തറിയുന്നതിനും മനസ്സിലാക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
പഞ്ചായത്തിന് കുടുംബശ്രീയുമായി ചേർന്ന് ദ്വീപിൽ കൂടുതൽ കിയോസ്‌ക്കുകൾ തുടങ്ങാൻ കഴിയും. വിവിധ കരകൗശല വസ്തുക്കൾ വാങ്ങുന്നതിനും സഞ്ചാരികൾക്ക് സൗകര്യം ഉണ്ടാകും.
പദ്ധതി ആരംഭിച്ചാൽ നിരവധി വിനോദസഞ്ചാരികൾ ഇവിടെയെത്തും. ഈ പാക്കേജ് കെ.എസ്.ആർ.ടി.സി യുടെ ബഡ്ജറ്റ് ടൂറിസവുമായി ബന്ധപ്പെടുത്തി നടപ്പാക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ
നിന്ന് ബസിൽ കയറി ആലപ്പുഴയിൽ വന്ന് ബോട്ട് യാത്ര ആസ്വദിച്ച് മടങ്ങാൻ സഞ്ചാരികൾക്ക് കഴിയും.
രാവിലെ 11 മണിക്ക് യാത്ര ആരംഭിച്ച് വൈകിട്ട് 5 മണിക്ക് അതേ സ്ഥലത്ത് തന്നെ യാത്ര അവസാനിക്കുന്ന രീതിയിലാണ് ഈ സഫാരി തയ്യാറാക്കിയിരിക്കുന്നത്.അടുത്ത നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി പദ്ധതി യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് എന്നും മന്ത്രി പറഞ്ഞു.
ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, വൈസ് പ്രസിഡന്റ് എൻ. ടി. റെജി, സ്ഥിരം സമിതി അധ്യക്ഷരായ നസീമ ടീച്ചർ, സി.ഡി. വിശ്വനാഥൻ, വാർഡംഗങ്ങളായ വി. വിഷ്ണു, കെ.എസ്. ദാമോദരൻ, ലൈല ഷാജി, കുഞ്ഞുമോൾ ഷാനവാസ്, നിഷ പ്രദീപ്, ടി.സി. മഹീധരൻ, വിനോമ്മ രാജു, പഞ്ചായത്ത് സെക്രട്ടറി എം.പി. മഹീധരൻ, വിവിധ ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.