കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികൾ പീഡനത്തിനിരയായ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കുട്ടികളുടെ രഹസ്യ മൊഴിയും ക്ലാസ് ടീച്ചർ അടക്കമുള്ളവരുടെ മൊഴികളുമാണ് കേസിൽ നിർണായകമായത്. അമ്മയുടെ ആൺ സുഹൃത്ത് ധനേഷ് രണ്ടു വർഷത്തോളം കുട്ടികളെ പീഡിപ്പിച്ചെന്നാണ് കണ്ടെത്തൽ. സ്‌കൂൾ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
പെൺകുട്ടികളുടെ അമ്മ വീട്ടിൽ ഇല്ലാത്ത സമയത്താണ് അമ്മയുടെ സുഹൃത്തായ ധനേഷ് കുട്ടികളെ ശാരീരികമായി പീഡിപ്പിച്ചിരുന്നത്. കുട്ടികളിൽ ഒരാൾ ഈ വിവരം ഒരു പേപ്പറിൽ എഴുതി സ്‌കൂളിലെ കൂട്ടുകാരിക്ക് കൊടുത്തു. ഇത് അധ്യാപികയുടെ കൈവശം കിട്ടി. അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പോക്സോ വകുപ്പിന് പുറമെ വിവിധ വകുപ്പുകൾ ചേർത്താണ് കേസ്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
കൂടുതൽ കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ മൂത്ത കുട്ടിയോട് പ്രതി ആവശ്യപ്പെട്ടെന്ന് പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ പറഞ്ഞു. രണ്ട് വർഷമായി കുട്ടികളെ ഇയാൾ പീഡനത്തിനിരയാക്കിയെന്നാണ് പൊലീസ് പറയുന്നത്.