

തൃശ്ശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പെരുമ്പിലാവ് സ്വദേശി മണികണ്ഠനും കുടുംബവും സഞ്ചരിച്ച കാറാണ് കത്തിയത്. യാത്രക്കാർ വാഹനത്തിൽ നിന്ന് ഉടൻ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് വൈകുന്നേരം ആറുമണിയോടെ കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്റ് ജോർജ് പള്ളിക്ക് മുൻപിലായിരുന്നു അപകടം.
രക്ഷകരായത് പിന്നാലെ വന്നവർ
മണികണ്ഠനും ഭാര്യയും കുട്ടിയുമാണ് വാഹനത്തിലുണ്ടായിരുന്നത്. കാറിന്റെ പിൻഭാഗത്തെ ഡോറിന് അടിയിൽ നിന്നും പുക ഉയരുന്നത് പിന്നാലെ വന്ന വാഹനായാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവർ തുടർച്ചയായി ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകിയതോടെ മണികണ്ഠൻ കാർ റോഡരികിലേക്ക് ഒതുക്കി നിർത്തുകയായിരുന്നു. കുടുംബം പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ കാർ പൂർണ്ണമായി തീ വിഴുങ്ങി.
ഗതാഗതം തടസ്സപ്പെട്ടു
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുന്നംകുളം, ഗുരുവായൂർ എന്നിവിടങ്ങളിൽ നിന്നായി മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തെ തുടർന്ന് കുന്നംകുളം - പട്ടാമ്പി പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കാർ പൂർണ്ണമായും കത്തിയമർന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.