കുന്നംകുളത്തെ കസ്റ്റഡി മര്‍ദ്ദനം ; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് |kunnamkulam custody case

നിലവിലെ ഡിഐജി പ്രതികള്‍ക്കൊപ്പമാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു.
v d satheshan
Published on

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിനെ സ്റ്റേഷനില്‍ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാരെ പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനല്‍ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

നിലവിലെ ഡിഐജി പ്രതികള്‍ക്കൊപ്പമാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. തീവ്രവാദികള്‍പ്പോലും ഇതുപോലത്തെ ക്രൂരത ചെയ്യില്ലെന്നും മര്‍ദ്ദിച്ച അഞ്ച് ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയില്‍പ്പോലുമില്ലെന്നും വി ഡി സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

കത്തിന്‍റെ പൂർണരൂപം....

യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന, മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. മനുഷ്യനെന്ന പരിഗണ പോലും നല്‍കാതെ മനുഷ്യത്വം തൊട്ടു തീണ്ടാത്ത കാടത്തമാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ക്യാമറ ഇല്ലാത്ത സ്ഥലത്ത് വച്ചും ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. തീവ്രവാദികള്‍ പോലും ചെയ്യാത്ത ക്രൂരതയാണ് ഒരു ചെറുപ്പക്കാരനോട് പൊലീസ് ചെയ്തത്.

ഇവരുടെ പ്രവര്‍ത്തി പോലീസ് സേനയ്ക്ക് മാത്രമല്ല കേരള സമൂഹത്തിനു തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. കസ്റ്റഡി മര്‍ദ്ദനം മനുഷ്യവകാശ ലംഘനമാണെന്ന് Nilabati Behera v. State of Orissa (1993), ഡി കെ ബസു അടക്കമുള്ള വിവിധ കേസുകളില്‍ സുപ്രീം കോടതി പ്രസ്ഥാവിച്ചിട്ടുണ്ട്.

സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തു എന്നതാണ് സുജിത്തിനെതിരെ പൊലീസുകാര്‍ ചുമത്തിയ കുറ്റം. കുന്നംകുളം എസ്.ഐയായിരുന്ന നുഹ്‌മാന്റെ നേതൃത്വത്തിലായിരുന്നു ക്രൂരമര്‍ദ്ദനം. സ്റ്റേഷനില്‍ കൊണ്ടു വന്നതു മുതല്‍ മൂന്നിലധികം പൊലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് തല്ലി. കുനിച്ചു നിര്‍ത്തി പുറത്തും മുഖത്തും മര്‍ദ്ദിച്ചു. സുജിത്തിന്റെ കേള്‍വി ശക്തി നഷ്ടമായി. കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച പൊലീസ് നീക്കവും പൊളിഞ്ഞു. 2023-ല്‍ നടന്ന സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ നിയമ പോരാട്ടത്തിനൊടുവിലാണ് വിവരാവകാശ നിയമ പ്രകാരം ലഭ്യമായത്.

പ്രതികളെ രക്ഷിക്കുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്തു നിന്നും തുടക്കംമുതല്‍ ഉണ്ടായത്. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ 5 ഉദ്യോഗസ്ഥര്‍ പ്രതിപട്ടികയില്‍ പോലുമില്ല. പ്രതികളെ രക്ഷിക്കാന്‍ മുകളില്‍ നിന്നും ശ്രമമുണ്ടായി. ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയാണ് പ്രതികളെ സംരക്ഷിച്ചത്. ഇപ്പോഴത്തെ ഡി.ഐ.ജിയും പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം ഈ ദൃശ്യങ്ങള്‍ കിട്ടിയില്ലായിരുന്നെങ്കില്‍ ഇത്രയും വലിയൊരു ക്രൂരത പുറത്തറിയില്ലായിരുന്നു. കണ്ണില്ലാത്ത ക്രൂരത നടത്തിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പുറത്താക്കണം. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അതേ സമയം, അതിനിടെ സുജിത്തിനെ മര്‍ദ്ദിച്ച കേസിലെ പ്രതിയായ പോലീസുകാരന്‍ സജീവന്റെ വീട്ടിലേക്ക് ഇന്ന് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. കേസിലെ പ്രതികളായ സജീവന്‍ ഉള്‍പ്പെടെ നാലുപേരുടെ ചിത്രങ്ങള്‍ അടങ്ങിയ വാണ്ടഡ് എന്ന് എഴുതിയ പോസ്റ്ററുകള്‍ സജീവന്റെ വീടിന്റെ പരിസരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പതിച്ചു. സജീവന്‍ നാടിന് അപമാനം എന്ന ഫ്‌ലക്‌സ് ബോര്‍ഡുകളും വഴിയരികില്‍ സ്ഥാപിച്ചു. തുടര്‍ന്ന് സജീവന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com