

കൊച്ചി: അന്തരിച്ച പിതാവ് ബോബൻ കുഞ്ചാക്കോയുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ചാക്കോ ബോബൻ. "എന്റെ കരുത്തായ ശക്തിക്ക് പിറന്നാൾ ആശംസകൾ... സ്വർഗ്ഗത്തിൽ അനുഗ്രഹീതനായിരിക്കൂ" എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
മലയാളത്തിലെ പ്രശസ്തമായ ഉദയ സ്റ്റുഡിയോയുടെ സ്ഥാപകൻ കുഞ്ചാക്കോയുടെ മകനാണ് ബോബൻ കുഞ്ചാക്കോ. നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ അദ്ദേഹം ശ്രദ്ധേയനായിരുന്നു.കുഞ്ചാക്കോ ബോബൻ എന്ന നടന്റെ ഉദയത്തിന് കാരണമായ 'അനിയത്തിപ്രാവ്' നിർമ്മിച്ചത് ബോബൻ കുഞ്ചാക്കോ ആയിരുന്നു.എക്സൽ ഫിലിംസ്, പാതിരപ്പള്ളിയിലെ എക്സൽ ഗ്ലാസ് ഫാക്ടറി എന്നിവയുടെ സാരഥിയായും അദ്ദേഹം പ്രവർത്തിച്ചു.
ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'ഓഫീസർ ഓൺ ഡ്യൂട്ടി' എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബന്റേതായി രണ്ട് ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്.പാട്രിയറ്റ് (Patriot),ഒരു ദുരൂഹസാഹചര്യത്തിൽ എന്നിവയാണ് പുതിയ ചിത്രങ്ങൾ.
പിതാവിന്റെ സിനിമാ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് മലയാള സിനിമയിൽ സജീവമായി തുടരുകയാണ് താരം.