'മനുഷ്യരില്ലാത്ത ഭൂമിയിലേക്കുള്ള ദൂരം കുറഞ്ഞു വരുന്നു': കുമാർ കലാനന്ദമണി

കോട്ടുളി തണ്ണീർതടത്തിലെ അനധികൃത നിർമ്മിതികൾ അദ്ദേഹവും പരിസ്ഥിതി പ്രവർത്തകരും നടന്നു കണ്ടു.
'മനുഷ്യരില്ലാത്ത ഭൂമിയിലേക്കുള്ള ദൂരം കുറഞ്ഞു വരുന്നു': കുമാർ കലാനന്ദമണി
Published on

റിപ്പോർട്ട് : അൻവർ ഷരീഫ്

കോഴിക്കോട് : ജീവയോഗ്യമായ വായുവും, വെള്ളവും മണ്ണും കച്ചവടക്കാർ കയ്യടക്കിക്കൊണ്ടിരിക്കുകയാണെന്നും കോട്ടൂളി തണ്ണീർത്തടത്തിലെ അനധികൃത നിർമ്മിതികൾ ഇതിൻ്റെ അവസാനത്തെ ഉദാഹരണമാണെന്നും പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഗോവ കേന്ദ്രമായി പ്രവർത്തിക്കുന്ന പീസ് ഫുൾ സൊസൈറ്റി സ്ഥാപകനുമായ കുമാർ കലാനന്ദമണി പറഞ്ഞു. കോട്ടൂളി തണ്ണീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട് ഗ്രീൻ മൂവ്മെൻ്റ് സംഘടിപ്പിച്ച പഠന സംഘത്തെ നയിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളവൽക്കരണം, ആഗോള സാമ്പത്തിക മാന്ദ്യം, എന്നിവയിലൂടെ കടന്ന് ലോകം പകർച്ചവ്യാധികളുടെ പിടിയിലമർന്നിട്ടും ലോകത്തിന് തിരിച്ചറിവുണ്ടായിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത ഘട്ടത്തിൽ ഓക്സിജൻ സിലിണ്ടറുകളുമായി മനുഷ്യൻ സഞ്ചരിക്കേണ്ടിവരുമെന്നുo പിന്നീട് മനുഷ്യൻ ഇല്ലാത്ത ഭൂമി എന്ന യാഥാർത്ഥ്യത്തിലേക്കാണ് എന്നും, പ്രകൃതിയെ ചൂഷണം ചെയ്യുന്ന, ഭൂമിയും വായുവും വെള്ളവും കൊള്ളയടിക്കുന്നവർ നമ്മെ കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടൂളി തണ്ണീർതടത്തിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കപ്പെടണമെന്നും കുമാർ കലാനന്ദ മണി ആവശ്യപ്പെട്ടു. കോട്ടൂളി തണ്ണീർതടം മാലിന്യ പൂരിതവും സൂക്ഷ്മമായ മേലന്വേഷണക്കുറവും കാര്യക്ഷമമല്ലാത്ത പരിചരണവും മൂലം നാൾക്കു നാൾ നാശത്തിലേക്ക് വഴുതി വീണു കൊണ്ടിരിക്കുകയുമാണെന്നും കോട്ടുളി തണ്ണീർതടത്തിന്റെ വിസ്തൃതിയായ 150 ഹെക്ടർ ഭൂമിയും പരിരക്ഷിക്കണമെന്നും തണ്ണീർതടത്തിന്റെ അതിർത്തി ജൈവ വേലി നിർമ്മിച്ച് സംരക്ഷിക്കാർ നടപടി വേണമെന്നും കോട്ടുളി തണ്ണീർതടം റംസാർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടി താമസം വിനാ സ്വീകരിക്കണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.

തണ്ണീർതടത്തിൽ പാർക്കിംഗിനും കെട്ടിട നിർമ്മാണങ്ങൾക്കും മറ്റു മായി നിക്ഷേപിച്ച മണ്ണും ക്വാറി മാലിന്യങ്ങളും മറ്റും ഉടൻ നീക്കം ചെയ്യണമെന്നും കുമാർ കലാനന്ദമണി ആവശ്യപ്പെട്ടു. ഡാറ്റബേങ്കിൽ ഉൾപ്പെട്ടിട്ടും പ്രസ്തുത സ്ഥലങ്ങളിൽ കെട്ടിട നൽകുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ അധാർമ്മിക നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. തണ്ണീർതടത്തിൽ സ്ഥാപിച്ച ഹൈമാസ്റ്റ്‌ ലൈറ്റ് തണ്ണീർതടത്തിലേക്ക് ദേശാടനകിളികളുടെ വരവിനെ പ്രതികൂലമായി ബാധിച്ചതായും കുമാർ കലാനന്ദ മണി പറഞ്ഞു.

കോട്ടുളി തണ്ണീർതടത്തിലെ അനധികൃത നിർമ്മിതികൾ അദ്ദേഹവും പരിസ്ഥിതി പ്രവർത്തകരും നടന്നു കണ്ടു. തണ്ണീർ തടത്തിൽ പ്രവർത്തിച്ചുവരുന്ന സിമന്റ് കട്ട നിർമ്മാണശാലയും രസം ആർസനിക് തുടങ്ങിയ ഉഗ്ര വിഷാംശങ്ങൾ തണ്ണീർതടത്തിലേക്ക് ഒഴുക്കുന്ന ആക്രിക്കടയും കലാനന്ദമണിയും സംഘവും കാണുകയുണ്ടായി. ഇവ തണ്ണീർതടത്തിലെ കണ്ടൽ വർഗ്ഗങ്ങൾക്ക് ദോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു. ജലജന്യ രോഗങ്ങൾക്ക് ഹേതുവായ ജല മലിനീകരണം അപകടമായ തോതിലേക്ക് ഉയർന്നതായി പൊതുജനാരോഗ്യ പ്രവർത്തക ഡോ. ആശാ പ്രഭാകരൻ അഭിപ്രായപ്പെട്ടു. കോട്ടൂളി തണ്ണീർ തടത്തിൽ വളരുന്ന പന്ത്രണ്ട് ഇനം കണ്ടൽ ചെടികളും ബഹുശതം ജലസസ്യങ്ങളും ഇതര ജലജീവകളും പരിരക്ഷ അർഹിക്കുന്നുണ്ടെന്ന് കണ്ടൽ സംരക്ഷകനായ ശ്രീനിവാസൻ നെല്യാടി പറഞ്ഞു.

ഗ്രീൻ മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.രാജൻ അദ്ധ്യക്ഷത വഹിച്ചു. മലബാർ ക്രിസ്ത്യൻ കോളേജ്, ഇൻസ്റ്റിട്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് & ഡവലവ്മെന്റ് കോളേജ്, നടക്കാവ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, കാരപ്പറമ്പ് ഗവ.ഹയർ സെക്കണ്ടറി സ്കൂർ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും പരിസ്ഥിതി പ്രവർത്തകരും കോട്ടുളി തണ്ണീർതട സന്ദർശനത്തിലും പഠനത്തിലും ഭാഗവക്കായി. അഡ്വ.പി.എ. പൗരൻ, അഡ്വ.എ. വിശ്വനാഥൻ, ഡോ. അജോയ്കുമാർ, ജീജാ ഭായി, സെബാസ്റ്റ്യൻ ജോൺ, എം.പി.ചന്ദ്രൻ, ഗോപാലൻ തച്ചോലത്ത, മഠത്തിൽ അബ്ദുൾ അസീസ്, കെ.എ.ഷുക്കൂർ കെ.പി.കിഷോർ കുമാർ, കെ. ദേവദാസ് തുടങ്ങിയവരും വിദ്യാർത്ഥി പ്രതിനിധികളായ ഹൃദ്യാ ഫാത്തിമ, വൃന്ദാ എന്നിവരും പ്രസംഗിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com