
കൊച്ചി: നടി പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ ഡിജിപിക്ക് പരാതി നൽകി നടി കുക്കു പരമേശ്വരൻ. മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്നാണ് പരാതി. അമ്മയുടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തന്നെ തേജോവധം ചെയ്യാനാണ് ശ്രമമെന്നും പരാതിയിൽ പറയുന്നു.
താരസംഘടനയായ 'അമ്മ'യിലെ വനിതാ അംഗങ്ങളുടെ പരാതി അടങ്ങിയ മെമ്മറി കാർഡ്, കുക്കു പരേമശ്വരൻ ചോർത്തി നൽകി എന്നായിരുന്നു നടിമാരുടെ ആരോപണം. ദുരനുഭവങ്ങൾ റെക്കോർഡ് ചെയ്ത മെമ്മറി കാർഡ് എവിടെയെന്ന് കുക്കുപരമേശ്വരൻ വ്യക്തമാക്കണമെന്നായിരുന്നു ഉഷ ഹസീന, പൊന്നമ്മ ബാബു ഉൾപ്പെടെയുള്ള നടിമാർ ആവശ്യപ്പെട്ടത്.
സംഘടനാ തെരഞ്ഞെടുപ്പിന്റെ മത്സരരംഗത്ത് വന്നതിന് പിന്നാലെയാണ് മെമ്മറികാർഡ് വിവാദം തലപൊക്കിയതെന്നും തന്നെ തേജോവധം ചെയ്യുകയാണെന്നും കുക്കു പരമേശ്വരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തന്‍റെ പേര് അനാവശ്യമായി വലിച്ചിഴച്ച് തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും പരാതിയിലുണ്ട്.