പാലിയേറ്റീവ് കെയർ മേഖലയിൽ ‘സാന്ത്വനമിത്ര’യുമായി കുടുംബശ്രീ | Kudumbashree palliative care

പാലിയേറ്റീവ് കെയർ മേഖലയിൽ ‘സാന്ത്വനമിത്ര’യുമായി കുടുംബശ്രീ | Kudumbashree palliative care

Published on

വിജ്ഞാന കേരളം-കുടുംബശ്രീ തൊഴിൽ ക്യാമ്പയിന്റെ ഭാഗമായി ‘സാന്ത്വനമിത്ര’ പദ്ധതിയുമായി പാലിയേറ്റീവ് കെയർ രംഗത്തും ക്രിയാത്മകമായ മുന്നേറ്റം നടത്താൻ കുടുംബശ്രീ ഒരുങ്ങുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പാലിയേറ്റീവ് കെയർ മേഖലയിലെ തൊഴിൽ അവസരങ്ങൾ കണ്ടെത്തുകയും അവ കുടുംബശ്രീ അംഗങ്ങൾക്ക് ലഭ്യമാക്കുന്നതിനുമാണ് സാന്ത്വന മിത്രയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഓരോ തദ്ദേശ സ്ഥാപനത്തിലും സാന്ത്വന പരിചരണം ആവശ്യമായ എല്ലാവർക്കും ശാസ്ത്രീയമായ ഗൃഹകേന്ദ്രീകൃത പരിചരണം ലഭ്യമാക്കുന്നതിന് പരിശീലനം ലഭിച്ച കുടുംബശ്രീ പരിചരണ സേവകരെ സംസ്ഥാനത്തുടനീളം രൂപീകരിക്കും. അൻപതിനായിരം പേർക്ക് പരിശീലനം നൽകി രംഗത്തിറക്കാനാണ് പദ്ധതി. ആദ്യഘട്ടമായി പതിനായിരം പേർക്കുള്ള പരിശീലനം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ പൊതുജനാരോഗ്യ മേഖലയിൽ തദേശസ്വയം ഭരണം, ആരോഗ്യം എന്നീ വകുപ്പുകളുടെയും വിജ്ഞാന കേരളത്തിന്റെയും സംയുക്ത സംരംഭമായാണ് സാന്ത്വനമിത്ര പദ്ധതി നടപ്പിലാക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കിടപ്പുരോഗികളുള്ള കുടുംബങ്ങളിൽ പരിചരണ സേവനം ആവശ്യമുള്ളവരെ കണ്ടെത്തും. ഇതിനായി കുടുംബശ്രീ എ.ഡി.എസുകൾ മുഖേന വാർഡുകളിൽ ഗൃഹസന്ദർശനം നടത്തും. കിടപ്പുരോഗികളുടെ എണ്ണം, ആവശ്യമായ സേവനം എന്നീ വിവരങ്ങൾ ശേഖരിച്ച് അന്തിമ ലിസ്റ്റ് സി.ഡി.എസിന് കൈമാറും. സി.ഡി.എസ് തലത്തിൽ പ്രവർത്തിക്കുന്ന വിജ്ഞാന കേരളം തൊഴിൽ കേന്ദ്രത്തിൽ ഈ കുടുംബങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യും.

കൂടാതെ അയൽക്കൂട്ട കുടുംബങ്ങളിൽ നിന്നും പാലിയേറ്റീവ് കെയർ മേഖലയിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ള അംഗങ്ങളെ കണ്ടെത്തി അവർക്ക് ശാസ്ത്രീയമായ പരിശീലനം നൽകി പരിചരണത്തിന് പ്രാപ്തരാക്കും. പരിശീലനം പൂർത്തിയാക്കിയവരുടെ പട്ടികയും തൊഴിൽ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യും. പരിശീലനം പൂർത്തീകരിച്ച് പരിചരണ സേവകരായി പ്രവർത്തിച്ചു വരുന്ന കുടുംബശ്രീ അംഗങ്ങളെ ഒരു വർഷത്തിനുള്ളിൽ സർട്ടിഫൈഡ് കെയർ ടേക്കർമാരാക്കി മാറ്റുന്നതിനായി അനുയോജ്യമായ കോഴ്‌സുകളിൽ പരിശീലനം ലഭ്യമാക്കും. കുടുംബശ്രീയും കെ-ഡിസ്‌കും സംയുക്തമായി ഇതു നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Times Kerala
timeskerala.com