ഐഎസ്ഒ അംഗീകാര നിറവില്‍ ജില്ലയിലെ കുടുംബശ്രീ സിഡിഎസുകള്‍: ഉപഹാരം വിതരണം ചെയ്തു
കോഴിക്കോട് : ജില്ലയിലെ 58 കുടുംബശ്രീ സിഡിഎസുകള്‍ക്ക് പ്രവര്‍ത്തന-സേവന മികവിനുള്ള ഐഎസ്ഒ (ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍) 9001-2015 അംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിച്ചു. ജില്ലയില്‍ ഏറ്റവുമാദ്യം ഐഎസ്ഒ അംഗീകാരം നേടിയ കോട്ടൂര്‍, ചാത്തമംഗലം, കോഴിക്കോട് സെന്‍ട്രല്‍ എന്നീ സിഡിഎസുകള്‍ക്കുള്ള ഉപഹാരവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൈമാറി.
കാര്യക്ഷമതയും ഗുണനിലവാരവുമുള്ള ഓഫീസ് സംവിധാനം, സര്‍ക്കാര്‍ അംഗീകൃത ബൈലോ പ്രകാരമുള്ള പ്രവര്‍ത്തനങ്ങളുടെ സമയബന്ധിതമായ പൂര്‍ത്തീകരണം, സിഡിഎസുകള്‍ മുഖേന നല്‍കുന്ന സേവനങ്ങളുടെ മികവ്, ഉയര്‍ന്ന പശ്ചാത്തല സൗകര്യങ്ങളോടു കൂടിയ ഓഫീസ് മികവ് എന്നിവ കൈവരിച്ചാണ് സിഡിഎസുകള്‍ ഐഎസ്ഒ അംഗീകാരം നേടിയത്. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍, വയോജനങ്ങള്‍, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്കുള്ള സേവനങ്ങളും ലഭ്യമാക്കി.
കണ്ടംകുളം ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി വനജ (തൂണേരി), കെ പി ചന്ദ്രി (കുന്നുമ്മല്‍), പി എം ലീന (തോടന്നൂര്‍), കെ പി ഗിരിജ (വടകര), ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിന്റ് പി ശാരുതി, വടകര നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പി കെ സതീശന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ പി സി കവിത, ജില്ലാ മിഷന്‍ അസി. കോഓഡിനേറ്റര്‍മാരായ പി സൂരജ്, പി എന്‍ സുശീല, എസ് കെ അതുല്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.