മലപ്പുറം : രാഷ്ട്രീയ രംഗത്ത് പുതിയ മാഫിയ സംസ്കാരം കൊണ്ടുവരികയാണ് യു ഡി എഫിൻ്റെ യുവനേതാക്കളെന്ന് പറഞ്ഞ് കെ ടി ജലീൽ എം എൽ എ. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പണമുണ്ടായാൽ എന്തും ചെയ്യാമെന്ന ധിക്കാര മനോഭാവമാണെന്നാണ് അദ്ദേഹം പറഞ്ഞത്.(KT Jaleel accuses Youth League leaders of financial irregularities )
ഇത് അപകടകടമായ രീതിയാണെന്നും, വയനാട്ടിൽ വീട് വയ്ക്കാൻ യൂത്ത് കോൺഗ്രസ് പണം പിരിച്ചത് വിവാദമായെന്നും, യൂത്ത് ലീഗ് പണം പിരിച്ചാല്‍ പിന്നീട് നേതാക്കള്‍ പുതിയ കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങുന്ന കാഴ്ച്ചയാണ് കാണുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പി കെ ഫിറോസ് മുസ്ലിം ലീഗിൻ്റെ സെയിൽസ് മാനേജരാണ് എന്നും, ദുബായ് കമ്പനിയുടെ മാനേജരാണ് എന്നും ആരോപിച്ച കെ ടി ജലീൽ, മാസം 5.25 ലക്ഷം രൂപയാണ് ശമ്പളമെന്നും ചൂണ്ടിക്കാട്ടി.
ഇത് സംബന്ധിച്ച രേഖകളും അദ്ദേഹം പുറത്തുവിട്ടു. ധോത്തി ചലഞ്ചെന്ന പേരിൽ വൻ തട്ടിപ്പാണ് നടന്നതെന്നും, ബന്ധനിയമനത്തിൽ താൻ കുറ്റമൊന്നും ചെയ്തിട്ടില്ല എന്നും അദ്ദേഹം ഖുർആൻ ഉയർത്തിപ്പിടിച്ച് സത്യം ചെയ്തു പറഞ്ഞു. സിറിയക് ജോസഫിനെ ലീഗ് നേതാക്കള്‍ സ്വാധീനിച്ചാണ് തനിക്കെതിരെ നടപടി എടുത്തതെന്ന് അദ്ദേഹം ആരോപിച്ചു.