
മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് പി.കെ ഫിറോസിനെതിരെ ആരോപണം തുടർന്ന് കെ.ടി ജലീൽ എംഎൽഎ. പി കെ ഫിറോസ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ സെയിൽസ് മാനേജരെന്ന നിലയിൽ അഞ്ചേകാൽ ലക്ഷം രൂപ ശമ്പളം ലഭിക്കുന്നുണ്ടെന്നും ജലീലിന്റെ ആരോപണം.
കമ്പനിയുടെ സെയിൽസ് മാനേജരാണ് പി കെ ഫിറോസ് എന്നു വ്യക്തമാക്കുന്ന ഐഡി കാർഡും ഫിറോസിന്റെ വർക് പെർമിറ്റും കെ ടി ജലീൽ പുറത്തുവിട്ടു. കമ്പനിയുമായുണ്ടാക്കിയ കോൺട്രാക്ടിന്റെ ഇൻഫർമേഷൻ വിവരങ്ങളും പുറത്തുവിട്ടു.
2024 മാർച്ച് മുതലാണ് ശമ്പളം വാങ്ങുന്നതെന്നും ജലീൽ. ഇതിന്റെ രേഖകളും പുറത്തുവിട്ടു. 2021ൽ മത്സരിക്കുമ്പോൾ 25 ലക്ഷം രൂപ ബാധ്യതയുണ്ടെന്ന് ഫിറോസ് പറഞ്ഞിരുന്നു. ഇങ്ങനെ ബാധ്യതയുള്ളയാൾക്ക് 2024 ആവുമ്പോഴേക്ക് എങ്ങനെ ഇത്ര സാലറി വാങ്ങുന്ന ജോലി കിട്ടിയെന്ന് ജലീൽ ചോദിച്ചു. ഇക്കാര്യത്തിൽ ഫിറോസ് വ്യക്തത വരുത്തണമെന്നും ജലീൽ ആവശ്യപ്പെട്ടു.
യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യാപകമായി ഹവാല, റിവേഴ്സ് ഹവാല ഇടപാടുകൾ നടത്തുന്നുണ്ട്. ദോത്തി ചലഞ്ച് എന്ന പേരിലും ഫിറോസ് തട്ടിപ്പു നടത്തി. ഇരുനൂറു രൂപയുടെ തുണി അഞ്ഞൂറ് രൂപയ്ക്ക് കൊടുത്തു. ബ്ലൂഫിൻ എന്ന പേരിൽ വില്ല പ്രൊജക്ടും പി കെ ഫിറോസിന്റെ പേരിലുണ്ട്. കേരളരാഷ്ട്രീയ രംഗത്ത് ഒരു പുതിയ മാഫിയാസംസ്കാരം കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫിന്റെ യുവജനസംഘടനാ നേതാക്കളെന്ന് ജലീൽ ആരോപിച്ചു.