പത്തനംതിട്ട : കെ.എസ്.യു. നേതാക്കളെ മുഖം മൂടിയും കയ്യാമം വെച്ചും കോടതിയിൽ ഹാജരാക്കിയതിൽ രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. രാഷ്ട്രീയ പകയോടെ ചമയ്ക്കപ്പെട്ട എഫ്ഐആറിലെ വകുപ്പുകൾക്ക് ഇവരുടെ സമര വീര്യത്തെ തകർക്കാനാകില്ലെന്ന് എംഎൽഎ ഫെയ്സ്ബുക്കിൽ കുറിച്ചു.
എംഎൽഎയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം..........
ഇത് കേരളം കാണും.
മുഖം മൂടിയും കയ്യാമം വെച്ചും കൊണ്ട് പോകുന്നത് ഏതെങ്കിലും രാജ്യ ദ്രോഹികളെയോ
തീവ്രവാദികളെയോ അല്ല, KSU എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാക്കന്മാരെയാണ്.
ആ മുന്നിൽ നില്ക്കുന്ന ഉദ്യോഗസ്ഥൻ കുന്നംകുളത്ത് സുജിത്തിനെ സ്റ്റേഷനിലിട്ട് മർദിക്കുമ്പോൾ അവിടുത്തെ SHO ആയിരുന്ന ഷാജഹാനാണ്. ഇത് ഒരു ഷാജഹാന്റെ നയമല്ല, മറിച്ച് ഈ സർക്കാരിന്റെ നയമാണ്.
വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു എന്ന് ഗരിമ കൊള്ളുന്ന ആളാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രി എന്ന് മറക്കരുത്. ആ വ്യക്തി കൈകാര്യം ചെയ്യുന്ന അഭ്യന്തര വകുപ്പിലാണ് വിദ്യാർത്ഥി നേതാക്കൾ ഈ രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നത്.
എന്താണ് ഈ സർക്കാർ പറഞ്ഞു വെക്കുന്നത് ? സർക്കാരിനെതിരെ സമരം ചെയ്യുന്ന ഒരു സംഘടനയുടെ നേതാക്കളെ തീവ്രവാദികളെ കണക്ക് മുഖം മൂടി കയ്യാമം വെച്ച് കൊണ്ട് പോകും, ബാക്കിയുള്ള സമരനേതാക്കൾ കരുതി ഇരുന്നോ എന്നാണോ? അത്തരം ഭയം കേരളത്തിലെ ഏതെങ്കിലും ഒരു KSU ക്കാരന് പോലുമില്ലായെന്ന് സർക്കാർ മറക്കണ്ട…
രാഷ്ട്രീയ പകയോടെ ചമക്കെപ്പെട്ട FIR ലെ വകുപ്പുകൾക്ക് ഇവരുടെ സമര വീര്യത്തെ തകർക്കാനാകില്ല.
ഈ കാഴ്ച്ച കാണുന്ന ഈ പ്രിയപ്പെട്ടവരുടെ കുടുംബങ്ങളുടെ വേദന ഈ നാട് കാണും.
ഈ തോന്നിവാസം എല്ലാം കാണിക്കുന്ന ലാത്തിയിലും തൊപ്പിയിലും, അത് അണിഞ്ഞവർ തരുന്ന സല്യൂട്ടിലും അഭിരമിക്കന്നവരോട് ഓർമ്മിപ്പിക്കുന്നു ഇതൊക്കെ ജനം കാണുന്നുണ്ട്. ആ സല്യൂട്ട് തരുന്ന പദവികൾ അവർക്ക് തിരിച്ചെടുക്കാൻ അധികം ആലോചനകൾ വേണ്ടി വരില്ല.