തിരുവനന്തപുരം: സിറ്റി ഇ-ബസ് വിവാദത്തിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷിന് കടുത്ത ഭാഷയിൽ മറുപടി നൽകി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. നഗരസഭ ആവശ്യപ്പെട്ടാൽ ഇ-ബസുകൾ വിട്ടുനൽകാൻ കെ.എസ്.ആർ.ടി.സി തയ്യാറാണെന്നും എന്നാൽ ഡ്രൈവർമാരെയും വർക്ക്‌ഷോപ്പും നൽകില്ലെന്നും മന്ത്രി വ്യക്തമാക്കി.(KSRTC will deploy 150 buses in the city instead, Minister KB Ganesh Kumar responds to Mayor)
ബസുകൾ വാങ്ങിയത് കേന്ദ്ര പദ്ധതിയിലാണെന്ന് പൂർണ്ണമായി പറയാനാകില്ല. പദ്ധതിയുടെ 60 ശതമാനവും സംസ്ഥാന സർക്കാരിന്റെ വിഹിതമാണ്. 500 കോടി രൂപയാണ് സ്റ്റേറ്റ് ഷെയർ. 113 ബസുകളും തിരികെ വേണമെന്ന് മേയർ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ അത് നൽകാൻ തയ്യാറാണ്. കെ.എസ്.ആർ.ടി.സി സി.എം.ഡിക്ക് ഒരു കത്ത് നൽകിയാൽ മാത്രം മതി. പകരം 150 കെ.എസ്.ആർ.ടി.സി ബസുകൾ നഗരത്തിൽ ഇറക്കും.
വണ്ടികൾ നഗരസഭയ്ക്ക് വിട്ടുനൽകിയാൽ കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്ത് അവ പാർക്ക് ചെയ്യാൻ സമ്മതിക്കില്ല. ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നഗരസഭ തന്നെ കണ്ടെത്തേണ്ടി വരും. ഒരു ഇ-ബസിന്റെ ബാറ്ററി നശിച്ചാൽ അത് മാറ്റാൻ 28 ലക്ഷം രൂപ വേണം. ഇത്തരം സങ്കീർണ്ണമായ മെയിന്റനൻസ് ഉള്ളതിനാലാണ് മറ്റ് ജില്ലകളിൽ ഇ-ബസ് ഓടിക്കാത്തതെന്നും മന്ത്രി പറഞ്ഞു.
നേരത്തെ, ഇ-ബസുകൾ നഗരത്തിന് പുറത്ത് ഓടിക്കുന്നതിനെതിരെ മേയർ രംഗത്തെത്തിയിരുന്നു. കേന്ദ്രം കോർപ്പറേഷന് നൽകിയ ബസുകൾ നഗരത്തിൽ തന്നെ ഓടണം. രാഷ്ട്രീയ സമ്മർദ്ദം കാരണം ബസുകൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നത് അംഗീകരിക്കാനാവില്ല. ബസ് സർവീസിൽ നിന്ന് കോർപ്പറേഷന് കൃത്യമായ ലാഭവിഹിതം ലഭിക്കണം. കെ.എസ്.ആർ.ടി.സിയുമായുള്ള കരാർ രേഖകൾ പരിശോധിക്കുമെന്നും മേയർ വ്യക്തമാക്കിയിരുന്നു. മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും തന്നോട് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.