

ബെംഗളൂരു ∙ കെ.എസ്.ആർ.ടി.സി ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കു പുതിയ എസി സ്ലീപ്പർ ബസ് സർവീസ് ആരംഭിച്ചു. ഇതോടെ ബെംഗളൂരു –എറണാകുളം റൂട്ടിൽ പ്രതിദിന സ്ലീപ്പറുകളുടെ എണ്ണം നാലായി. നിലവിൽ ഓടിയിരുന്ന സ്വിഫ്റ്റ് എസി സീറ്ററിന് പകരമാണ് സ്ലീപ്പർ ബസെത്തിയത്. രാത്രി 9.30ന് പീനിയ ബസവേശ്വര ടെർമിനലിൽ നിന്നു പുറപ്പെടുന്ന സ്ലീപ്പർ ബസ് സാറ്റലൈറ്റ് (10.30), ശാന്തിനഗർ (10.45), പാലക്കാട് (5.45), തൃശൂർ (7.40) വഴി രാവിലെ 9.40ന് എറണാകുളത്തെത്തും. (KSRTC Swift Bus Service)
എറണാകുളത്ത് നിന്നു വൈകിട്ട് 6.30ന് പുറപ്പെട്ട് തൃശൂർ (9.05), പാലക്കാട് (10.45) വഴി രാവിലെ 6.15ന് ബെംഗളൂരു പീനിയയിലെത്തും. 36 ബെർത്തുകളുള്ള ബസിൽ 1520 രൂപയാണു നിരക്ക്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് രാത്രി 8.05, 8.30, 9.05 സമയങ്ങളിലാണ് സ്വിഫ്റ്റ് എസി ഗജരാജ സ്ലീപ്പർ സർവീസുകൾ പുറപ്പെടുന്നത്. ഇതേ സമയത്ത് തന്നെയാകും എറണാകുളത്ത് നിന്നു ബെംഗളൂരുവിലേക്കുള്ള ബസുകളും പുറപ്പെടുക.